നരബലി ചിന്തിക്കാന്‍ കഴിയാത്ത ക്രൂരകൃത്യം ശക്തമായ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

1 min read

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂര സംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചത്. അതിശക്തമായ നടപടി സ്വീകരിക്കും. പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പുരോഗമന കേരളത്തെ നടുക്കിക്കൊണ്ടാണ് പത്തനംതിട്ടയിലെ ഇരട്ട നരബലിയെക്കുറിച്ച് വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ടു സ്ത്രീകളെ ബലി നല്‍കിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിങ്ങിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും പൊലീസ് പിടികൂടി. നരബലിയ്ക്കായി ഇവര്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ചു നല്‍കുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി.

നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയതിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍
മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയ ലോട്ടറി വില്‍പ്പനക്കാരായ പത്മ, റോസിലി എന്നിവരുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി. പ്രതികള്‍ മൂന്നു പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവല്‍സിംഗിന്റെ വീട്ടില്‍ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തില്‍ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്നുകാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നല്‍കിയ പരാതികളില്‍ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുന്നുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.