എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തന്നെ,കണ്ടെത്താന്‍ പൊലീസ്, മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
1 min readകൊച്ചി : ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുന്നു .
രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ് . എംഎല്‍എ മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല . എല്‍ദോസ് എവിടെയന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. ഇതിനിടെ പരാതിക്കാരി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മൊഴി നല്കാന് തയ്യാറായിട്ടില്ല. പൊലീസ് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല
എംഎല്‍എയ്ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്.
അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ഇതും ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ഇന്നലെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴി പ്രകാരം എംഎല്‍എ പരാതിക്കാരിയുടെ കഴുത്തില്‍ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്
എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുത്ത കാര്യം പൊലീസ് കേരള നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം എംഎല്‍എയ്ക്കായി തിരച്ചില്‍ തുടരുകയാണ് പൊലീസ്.
കേസില്‍ എംഎല്‍എയ്ക്ക് വേണ്ടി കോവളം പൊലീസ് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നത് പൊലീസ് സേനയ്ക്ക് നാണക്കേടായിരുന്നു. അതിനാല്‍ തന്നെ കേസ് അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് എംഎല്‍എക്കെതിരെ നടപടി ശക്തമാക്കുകയാണ്.
കഴിഞ്ഞ ദിവസം പരാതിക്കാരിയില്‍ നിന്ന് എട്ട് മണിക്കൂറോളം സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. പരാതിക്കാരിയുടെ ഫോണ്‍ ഹാജരാക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. തന്റെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കഴിഞ്ഞ മാസം 14ന് കോവളത്ത് വച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. മര്‍ദ്ദിക്കുന്ന സമയം എംഎല്‍എയുടെ പിഎയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെ ബന്ധപ്പെടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
സംഭവം നടന്ന ദിവസം എംഎല്‍എ കോവളത്തുണ്ടായിരുന്നു. കോവളത്ത് ഗസ്റ്റ് ഹൗസില്‍ ഇദ്ദേഹം മുറിയെടുത്തിരുന്നു. അതിനിടെ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ പ്രൈജുവിനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസിപി ദിനിലിനാണ് അന്വേഷണ ചുമതല.