വിലാപയാത്ര വെല്ലിങ്ടൻ ആർച്ചിലേക്ക്; എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിട്ടന്‍

1 min read

ലണ്ടൻ: വെസ്റ്റ്മിനിസ്റ്റർ ആബിയിലെ അന്ത്യശുശ്രൂഷകൾക്കു ശേഷം എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വെല്ലിങ്ടൻ ആർച്ചിലേക്കു നീങ്ങി. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വച്ചിരുന്ന രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പേടകം അവിടെനിന്ന് ആദ്യം വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തിച്ചു. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിയേകി. സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയാണു വിന്യസിച്ചിരുന്നത്. രാജകുടുംബാംഗങ്ങളും വിലാപയാത്രയെ അനുഗമിച്ചിരുന്നു.

സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ആബിയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവടരക്കം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്. 10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിനു ലണ്ടനിലെത്തും. ദ്രൗപദി മുർമു ബക്കിങാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് വെല്ലിങ്ടൻ ആർച്ചിലേക്ക് എത്തിച്ചശേഷം വിൻഡ്സർ കൊട്ടാരത്തിലേക്കും മൃതദേഹം എത്തിക്കും.

വിൻഡ്സർ ഡീനിന്റെയും രാജകുടുംബാംഗങ്ങുടെയും പഴ്സനൽ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തിൽ, രണ്ടാംഭാഗമായുള്ള ചടങ്ങുകൾ സെന്റ് ജോർജ് ചാപ്പലിൽ വൈകിട്ട് നടക്കും. മൃതദേഹപേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാർഥനകൾക്കും സമാപന ആശീർവാദത്തിനും കാന്റർബറി ആർച്ച്ബിഷപ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യകാർമികത്വം വഹിക്കും. തൊട്ടടുത്ത കുടുംബാംഗങ്ങൾക്കായുള്ള അന്തിമ സ്വകാര്യ ശുശ്രൂഷകൾ രാത്രി 7.30ന്. കഴിഞ്ഞവർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം.

Related posts:

Leave a Reply

Your email address will not be published.