തമിഴ്‌നാട്ടില്‍ നരബലിക്ക് ശ്രമമെന്ന് സംശയം: മൂന്ന് ദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയ കുടുംബം പിടിയില്‍

1 min read

തിരുവണ്ണാമല: തമിഴ്‌നാട് തിരുവണ്ണാമലയിലെ ആറണിയില്‍ നരബലി നടത്താന്‍ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടില്‍ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വീടിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് ഉള്ളില്‍ കടന്നത്.

തിരുവണ്ണാമല ആറണി എസ്!വി ടൗണിനടുത്ത് ദസറാപേട്ടിലുള്ള ധനപാലന്റെ വീട്ടില്‍ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയത്. കേരളത്തിലെ നരബലി വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പരിഭ്രാന്തരായ നാട്ടുകാരാണ് പരാതി നല്‍കിയത്.

വിവരം അറിഞ്ഞ് എത്തിയ പൊലീസും സ്ഥലം തഹസീല്‍ദാറായ ജഗദീശനും വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ തുറന്നില്ല. വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്നും പൂജ തടസ്സപ്പെടുത്തരുതെന്നും ഉള്ളിലുണ്ടായിരുന്നവര്‍ വിളിച്ചുപറഞ്ഞു. ഇതോടെ നരബലി പുറത്ത് തടിച്ചു കൂടിയ ഗ്രാമവാസികളാകെ ക്ഷുഭിതരായി. വീട്ടുകാര്‍ സഹകരിക്കാതിരുന്നതോടെ പൊലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. തുടര്‍ന്നാണ് ജെസിബി ഉപയോഗിച്ച് വീടിന്റെ വാതില്‍ തകര്‍ത്ത് പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ഉള്ളില്‍ കടന്ന് മന്ത്രവാദം നടത്തിയവരെ പിടികൂടുകയായിരുന്നു.

ധനപാലന്‍, കാമാക്ഷി ദമ്പതികളുടെ ചെറുമകളായ ഗോമതി അടുത്ത കാലത്ത് ആനപ്പടി സ്വദേശിയായ പ്രകാശ് എന്ന പൂജാരിയുമായി വിവാഹിതയായിരുന്നു. ഗോമതിക്ക് പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസത്തില്‍ ഇയാളുടെ നേതൃത്വത്തിലാണ് മന്ത്രവാദം നടന്നതെന്നാണ് വിവരം. വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും അതിരൂക്ഷമായിട്ടാണ് വീട്ടുകാര്‍ പെരുമാറിയത്. അക്രമാസക്തരായ പെരുമാറിയ വല്ലാത്തൊരു ഉന്മാദാവസ്ഥയിലായിരുന്നു.

പാവയും മറ്റും ഉപയോഗിച്ചുള്ള ആഭിചാര ക്രിയയാണ് ഇവര്‍ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നരബലിക്ക് ശ്രമം നടന്നോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.