പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ മണ്ണിലേക്ക്
ചീറ്റപ്പുലികളെ കൂട് തുറന്നുവിട്ട്
ചിത്രങ്ങള്‍ പകര്‍കത്തി മോദി

1 min read

ദില്ലി: 70 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

1952 ലാണ് രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിച്ചത്.

രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കന്‍ പുല്‍മേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ആണ്‍ ചീറ്റകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാന്‍ കാരണം. മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. പ്രായം നാല് വയസ്. സംഘത്തിലെ ആദ്യ പെണ്‍ ചീറ്റയെ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് തെക്ക് കിഴക്കന്‍ നമീബിയയില്‍ നിന്ന് രക്ഷിച്ചെടുത്തതാണ്.

അമ്മ മരിച്ച കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബര്‍ മുതല്‍ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയന്‍ വ്യാപാരിയുടെ സ്വകാര്യ ഭൂമിയില്‍ നിന്ന് 2022 ജൂലൈയില്‍ പിടിച്ചതാണ് രണ്ടാമത്തെ പെണ്‍ ചീറ്റയെ. മൂന്നാമത്തെ പെണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. നാലാം ചീറ്റയെ 2017ല്‍ ഒരു കൃഷിയിടത്ത് നിന്നും അവശനിലയില്‍ കണ്ടെത്തിയതാണ്. അതിന് ശേഷം സിസിഎഫ് സംരക്ഷണത്തിലായിരുന്നു.

സംഘത്തിലെ അവസാനത്തെ ചീറ്റയെ 2019 ഫെബ്രുവരിയില്‍ വടക്ക് പടിഞ്ഞാറന്‍ നമീബിയയില്‍ നിന്ന് പിടിച്ചതാണ്. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തില്‍ കൊണ്ടുവന്നത്. തുടര്‍ന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.