കുഴികളെണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

1 min read

പത്തനംതിട്ട: റോഡിലെ കുഴികള്‍ എണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. സ്റ്റേഷന്‍ പരിധിയിലെ റോഡുകളില്‍ അപകടകരമായ കുഴികള്‍ ഉണ്ടെങ്കില്‍ വിവരം പ്രത്യേക ഫോര്‍മാറ്റില്‍ തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിക്കാനാണ് എസ് എച്ച് ഒ മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഈ മാസം 24ന് ജില്ലയില്‍ റോഡിലെ കുഴിയില്‍ വീണ് വാഹനാപകടം ഉണ്ടായിരുന്നു. തിരുവല്ല കുമ്പഴ സംസ്ഥാന പാതയിലാണ് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിലിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റത് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയ്ക്കാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

24ന് രാവിലെയാണ് കണ്ണംകരയിലെ ജില്ലാ ജയിലിന് സമീപം അപകടം ഉണ്ടായത്. ജോലിക്ക് പോകാനായി കുമ്പഴയില്‍ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വന്നതാണ് ആതിര. സ്വകാര്യ ബസിനെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ ആതിരയുടെ ദേഹത്ത് ബസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിരയെ പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാവുമ്പോള്‍ സ്‌കൂട്ടറില്‍ ആതിരയടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുമുണ്ടായിരുന്നില്ല.

മാസങ്ങളായി തിരുവല്ല കുമ്പഴ റോഡിലെ അബാന്‍ ജംഗ്ഷന്‍ മുതല്‍ മൂന്ന് കിലോ മീറ്റര്‍ ദൂരത്തില്‍ കുഴികളാണ്. മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി. മുമ്പും പല തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തത് കാരണമാണ് റോഡിലെ കുഴിയടക്കാന്‍ വൈകുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.