വിവാഹം ലൈംഗിക സുഖത്തിനല്ല, പ്രത്യുല്‍പാദനത്തിനെന്ന് മദ്രാസ് ഹൈക്കോടതി
1 min readചെന്നൈ: വിവാഹം എന്നത് കേവലം ലൈംഗിക സുഖത്തിന് വേണ്ടിയുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതിന്റെ പ്രധാന ലക്ഷ്യം സന്താനോല്‍പ്പാദനമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടുന്നതിനായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം
. കുട്ടികളുടെ കസ്റ്റഡി അമ്മയ്ക്ക് വിട്ടുകൊടുത്തു. ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ട് വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കുട്ടികളെ മോശമായൊരു ചുറ്റുപാടിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് വിവാഹം. അതിലൂടെ മാത്രമേ സന്താനോല്‍പ്പാദനമുണ്ടാകൂ. കുട്ടികള്‍ എന്നത് ദമ്പതിമാരെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. പങ്കാളികള്‍ തമ്മിലുള്ള വൈവാഹിക ബന്ധം അവസാനിച്ചെന്ന് വരാം, എന്നാല്‍ അവരുടെ കുട്ടികളുടെ അമ്മയും അച്ഛനുമെന്ന ബന്ധം ഒരിക്കലും അവസാനിക്കില്ല.
ഏതൊരു പിതാവും മാതാവും കുട്ടിയെ സംബന്ധിച്ച് ദൈവമാണ്. ഇനി ഇതിലെതെങ്കിലും ഒരാള്‍ വിവാഹം ചെയ്താലും അങ്ങനെയാണെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു. കുട്ടികളെ കാണാന്‍ ഭര്‍ത്താവ് തന്നെ സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചത്.
പങ്കാളികള്‍ തമ്മില്‍ അകലുന്നത് സാധാരമണാണെങ്കിലും, അതിലൂടെ കുട്ടികള്‍ ഒരുപാട് ദുരിതമാണ് അനുഭവിക്കുന്നതെന്ന് ജസ്റ്റിസ് പറഞ്ഞു. ഒരു കുട്ടിയെ രക്ഷിതാവിനെതിരാക്കി മാറ്റുന്നത്, ആ കുട്ടിയെ സ്വയം എതിര്‍ക്കുന്നത് പോലെയാണ്. ഒരു കുട്ടിക്ക് രണ്ട് കൈകള്‍ കൊണ്ട് അമ്മയെയും അച്ഛനെയും പിടിക്കേണ്ടതുണ്ട്. ജീവിതം മുഴുവന്‍ നടന്നുതീര്‍ക്കാനോ, അതല്ലെങ്കില്‍ പ്രായപൂര്‍ത്തിയാവുന്നത് വരെയോ ഇത് ആവശ്യമാണ്. വിദ്വേഷം എന്നത് ഒരു ഭാവപ്രകടനമല്ല. ഒരാള്‍ പറഞ്ഞു കൊടുത്താല്‍ മാത്രമേ വിദ്വേഷം കുട്ടിയിലേക്ക് വരൂ. ഒരു കുട്ടിക്ക് രക്ഷിതാവില്‍ ആരെയെങ്കിലും ഇഷ്ടപ്പെടാതെ പോകുന്നുണ്ടെങ്കില്‍ ആ രക്ഷാകര്‍ത്വത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.