പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് ഖാര്‍ഗെ, കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി

1 min read

ന്യൂഡല്‍ഹി:രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജി സമര്‍പ്പിച്ചത്. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി അംഗീകരിച്ച ചട്ടം അനുസരിച്ചാണ് രാജി കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ പ്രതിപക്ഷ നേതാവിനെ ഇനി സോണിയ ഗാന്ധി നിയമിക്കുകയും തീരുമാനം രാജ്യസഭാ ചെയര്‍മാനെ അറിയിക്കുകയും ചെയ്യും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പിന്‍ഗാമിയായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകുന്നത് ആരായിരിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഇക്കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് മാത്രമെ തീരുമാനമെടുക്കൂ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള ഒരു നേതാവിന് നറുക്ക് വീണേക്കാം എന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ ദിഗ്വിജയ സിംഗ്, പ്രമോദ് തിവാരി, മഹാരാഷ്ട്രയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്ക് എന്നിവരായിരിക്കും പാര്‍ട്ടിയുടെ പ്രഥമ പരിഗണനയില്‍ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ലോക്‌സഭയില്‍ നിലവില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയാണ് പ്രതിപക്ഷ നേതാവ്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനാകാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള ഒരാളെ പ്രതിപക്ഷ നേതാവായി ഉയര്‍ത്തിക്കാട്ടിയേക്കും എന്നാണ് വിവരം. പ്രാദേശിക സമവാക്യങ്ങള്‍ സന്തുലിതമാക്കാനായിട്ടാണ് ഇത്. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തിരുവനന്തപുരം എം പി ശശി തരൂരും മത്സരത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഒക്ടോബര്‍ 17 ന് വോട്ടെടുപ്പും 19 ന് വോട്ടെണ്ണി ഫലപ്രഖ്യാപനവും നടത്തും.

Related posts:

Leave a Reply

Your email address will not be published.