വയനാട്ടില്‍ കടുവ ഇറങ്ങിയതായി പ്രചാരണം; പിന്നീട് നടന്നത്…
1 min readകല്‍പ്പറ്റ: വയനാട്ടില്‍ കടുവ ഇറങ്ങിയതായി സോഷ്യല്‍ മീഡിയ പ്രചാരണം. എന്നാല്‍ ഇത് വ്യാജമായ പ്രചാരണമായിരുന്നുവെന്നാണ് സൂചന. . റോഡ് മുറിച്ച് കടക്കുന്ന കടുവയെ ബൈക്ക് യാത്രികന്‍ കണ്ടുവെന്ന അഭ്യൂഹമാണ് പുല്‍പ്പള്ളി മേഖലയില്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകളെ തുടര്‍ന്ന് വന്‍ തിരച്ചിലിനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയത്. ഏരിയപ്പള്ളി, കളനാടിക്കൊല്ലി പ്രദേശങ്ങളില്‍ പോലീസിനൊപ്പം ചേര്‍ന്നായിരുന്നു വനപാലകരുടെ തിരച്ചില്‍ ഷെഡ്ഡ്-മുള്ളന്‍കൊല്ലി റോഡില്‍ പഴശ്ശിരാജാ കോളേജിന് അപ്പുറത്തായി കടുവ റോഡുമുറിച്ച് കടന്നുവെന്നായിരുന്നു പ്രചാരണം.
അതേസമയം വനംവകുപ്പ് സ്ഥലത്തെത്തി അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും കടുവാ സാന്നിധ്യം ഉണ്ടായിരുന്നതിന്റെ ഒരടയാളവും പ്രദേശത്തുണ്ടായിരുന്നില്ല. ജനങ്ങള്‍ ആകെ ഭയത്തിലായിരുന്നു. ഇവരുടെ പേടി മാറാന്‍ കൂടിയാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്.
എന്നാല്‍ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകളോ ഈ പ്രദേശത്ത് കടുവയുണ്ടായിരുന്നതിന്റെ സൂചനകളോ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വനപാലകര്‍ അറിയിച്ചിരിക്കുന്നത്. രാത്രി കാലങ്ങളിലെ പട്രോളിങ് പ്രദേശത്ത് നടത്താനും തീരുമാനിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ ആകെ മണിക്കൂറുകളോളം ഭയത്തിലായിരുന്നു. ആറാം വാര്‍ഡില്‍ കടുവയെ കണ്ടുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലാണ് പ്രചരിച്ചത്. കടുവയെ തുരത്തുന്നത് വരെ ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഉച്ചയ്ക്ക് സ്‌കൂളുകള്‍ വിടുമ്പോള്‍ രക്ഷിതാക്കളെത്തി വിദ്യാര്‍ത്ഥികളെ കൂട്ടിക്കൊണ്ട് പോകണമെന്നും വരെ നിര്‍ദേശങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് പുല്‍പ്പള്ളി ടൗണില്‍ പലയിടത്തും കടുവയെ കണ്ടുവെന്ന് വ്യാപകമായി പ്രചാരണമുണ്ടായത്.
ജോലി സ്ഥലത്തില്ലാതിരുന്ന പലരും വാഹനങ്ങളെടുത്തും ടാക്‌സി വരെ വിളിച്ചുമാണ് കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ ടൗണിലെത്തിയത്. മുള്ളന്‍കൊല്ലി, പൂതാടി, പഞ്ചായത്തുകളിലെ നിരവധി കുട്ടികള്‍ പഠിക്കുന്നത് പുല്‍പ്പള്ളിയിലെ വിവിധ സ്‌കൂളുകളിലാണ്. പ്രചാരണത്തില്‍ കഴമ്പൊന്നുമില്ലെന്നും, തിരച്ചില്‍ നടത്തിയത് ജനങ്ങളെ ആശ്വസിപ്പിക്കാനാണെന്നും വനംവകുപ്പ് വ്യക്തമാക്കി. ഗ്രാമത്തില്‍ കടുവയെ തിരയുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ അടച്ച് വിദ്യാര്‍ത്ഥികളെ പുറത്തുവിടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.