കോടിയേരി സ്ഥാനമൊഴിഞ്ഞു; എം.വി ഗോവിന്ദന് തലപ്പത്തേക്ക്.
1 min readതിരുവനന്തപുരം: എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എം.വി.ഗോവിന്ദനെ സിപിഎം നിയോഗിച്ചു. കോടിയേരിക്ക് ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് തീരുമാനമെന്നാണ് വിശദീകരണം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവന്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേര്‍ന്നത്.
രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. അവധിയില്‍ പോകാം എന്ന നിര്‍ദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോടിയേരി. തുടര്‍ന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയായിയരുന്നു പിന്നീട് ചര്‍ച്ച. പിബി അംഗം എ.വിജയരാഘവന്,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലന്, ഇ.പി.ജയരാജന് എന്നിവരുടെ പേരുകളായിരുന്നു പരിഗണനയില്‍. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരില്‍ക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നാളെ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും.
സംഘടനപരമായ നിലപാടില്‍ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. പരമാവധി എല്ലാവരേയും ചേര്‍ത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതല ഏല്‍പ്പിച്ചത് പാര്‍ട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിയുമോ, മന്ത്രിസഭയിലെ പകരക്കാരന് ആര് എന്നുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു പ്രതികരണം. സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ശേഷം, കോടിയേരി ബാലകൃഷ്ണനെ എം.വി.ഗോവിന്ദന് സന്ദര്‍ശിച്ചു.
നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് എം വി ഗോവിന്ദന്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്മാന് എന്നീ ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നു.