സാഹിത്യ മേഖലയിലെ വേര്‍തിരിവുകള്‍.

1 min read

പുതിയ എഴുത്തുകാരെക്കുറിച്ചും, മലയാളത്തിലെ പുതിയ പുസ്തകങ്ങളെക്കുറിച്ചും എംടി വാസുദേവന്‍ നായര്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനോട് അനുബന്ധിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പല എഴുത്തുകാരും ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം നടത്തുകയാണ്. ഇത്തരത്തില്‍ ശ്രദ്ധേയമായ അഭിപ്രായമാണ് യുവ എഴുത്തുകാരന്‍ അഖില്‍.കെ നടത്തുന്നത്. നീലച്ചടയന്‍ എന്ന കഥസമാഹാരത്തിലൂടെയും, സിംഹത്തിന്റെ കഥ എന്ന നോവലിലൂടെയും ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ് അഖില്‍.

ഫേസ്ബുക്കിലെ അഭിപ്രായങ്ങളും മറ്റും കണ്ട് കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുടക്കി, അതിലും വിലയുള്ള സമയം ചിലവഴിച്ച് വാങ്ങി വായിക്കുന്ന പുസ്തകങ്ങള്‍ നിലവാരം ഇല്ലാത്തതാണെങ്കില്‍, ആ അഭിപ്രായം വായനക്കാര്‍ എവിടേയും പറയും. അത് സ്വാഭാവികമാണ്, അത് പറയേണ്ടതും ആണെന്ന് അഖില്‍ അഭിപ്രായപ്പെടുന്നു.

സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കേണ്ടിവരുന്ന യുവ എഴുത്തുകാരുടെ പ്രതിസന്ധികളാണ് അഖില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്. കയ്യിലെ പണം മുടക്കി 150 കോപ്പി അടിച്ചിറക്കുന്നവരും, പ്രിന്റ് ഓണ്‍ ഡിമാന്റില്‍ പുസ്തകങ്ങള്‍ ഇറക്കുന്നവരും, മണിപ്പാല്‍ പ്രസ്സില്‍ പുസ്തകങ്ങള്‍ അടിക്കുന്നവരും ആണ് മലയാള സാഹിത്യത്തിന്റെ ശാപം എന്നുള്ള കമന്റുകള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വ്യാപകമായി കാണുന്നുണ്ടെന്ന് പറയുന്ന അഖില്‍ ഇതില്‍ തന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് നല്‍കുന്ന മറുപടിയാണ് ഈ കുറിപ്പ്.

അഖിലിന്റെ കുറിപ്പ് ഇങ്ങനെ.

കൈയ്യിലെ പണം മുടക്കി 150 കോപ്പി അടിച്ചിറക്കുന്നവരും, പ്രിന്റ് ഓണ്‍ ഡിമാന്റില്‍ പുസ്തകങ്ങള്‍ ഇറക്കുന്നവരും, മണിപ്പാല്‍ പ്രസ്സില്‍ പുസ്തകങ്ങള്‍ അടിക്കുന്നവരും ആണ് മലയാള സാഹിത്യത്തിന്റെ ശാപം എന്നുള്ള കമന്റുകള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വ്യാപകമായി കാണുന്നുണ്ട്. എംടി സാറിന്റേയും ബഹുമാനപ്പെട്ട പ്രിയ എ എസ്സിന്റേയും ഒക്കെ അഭിപ്രായങ്ങളുടെ ചുവട് പിടിച്ചുള്ള ചര്‍ച്ചകളില്‍ മൂന്നില്‍ രണ്ട് എന്ന കണക്കിന് ഈ അഭിപ്രായം കാണാം. ഫേസ്ബുക്കിലെ അഭിപ്രായങ്ങളും മറ്റും കണ്ട് കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുടക്കി, അതിലും വിലയുള്ള സമയം ചിലവഴിച്ച് വാങ്ങി വായിക്കുന്ന പുസ്തകങ്ങള്‍ നിലവാരം ഇല്ലാത്തതാണെങ്കില്‍, ആ അഭിപ്രായം വായനക്കാര്‍ എവിടേയും പറയും. അത് സ്വാഭാവികമാണ്, അത് പറയേണ്ടതും ആണ്.

പക്ഷേ, പുസ്തകം പുറത്തിറക്കാന്‍ ആഗ്രഹിച്ചും സ്വപ്നം കണ്ടും അതിനായി പബ്ലിഷര്‍ ചോദിക്കുന്ന പണം ശേഖരിച്ചു കൊണ്ട്, പതുക്കെ ആ സ്വപ്നത്തിലേക്ക് നടക്കുന്ന പലരുടേയും ആത്മവിശ്വാസത്തിന് മുകളില്‍ ഇത്തരം അഭിപ്രായങ്ങള്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുക. അവരുടെ പദ്ധതികള്‍ എല്ലാം തകര്‍ന്ന് ഛിന്നഭിന്നമാകാന്‍ കൈയ്യില്‍ നിന്നും പണം മുടക്കി ഇറക്കുന്ന പുസ്തകങ്ങള്‍ ചവറാണ് എന്ന അഭിപ്രായം ധാരാളം മതി. പൊതുവെ ഇതില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ലെങ്കിലും ഇതിന്റെ പശ്ചാത്തലത്തില്‍ എന്റെ അനുഭവം മാത്രം പറയാം. പലര്‍ക്കും അറിയാമായിരിക്കും, ‘നീലച്ചടയന്‍’ എന്റെ കയ്യില്‍ നിന്ന് പണം മുടക്കി പുറത്തിറക്കിയ പുസ്തകമാണ്.

കയ്യില്‍ പണം ഉള്ള ആര്‍ക്ക് വേണമെങ്കിലും പുസ്തകം എഴുതാം എന്നൊരു സാഹചര്യം ഉണ്ടായത് കൊണ്ട് മാത്രമാണ് അത് അന്ന് പുറത്ത് വന്നത്. അന്ന് 19,000 രൂപയായിരുന്നു അതിന്റെ ചിലവ് ( കവര്‍ കൂടാതെ ) ഈ രണ്ടര വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് രണ്ട് ലക്ഷം രൂപ ആ പുസ്തകത്തില്‍ നിന്നും റോയല്‍റ്റി ആയി ലഭിച്ചിരുന്നു. എന്നെ സംബന്ധിച്ച് അത് വലിയ തുകയാണ്. (വലിയ എഴുത്തുകാര്‍ ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ എഴുത്തില്‍ നിന്ന് വരുമാനമില്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ല) ഏത് അളവ് കോലില്‍ പിടിച്ച് അളന്നാലും പണം മുടക്കിയ ആളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ലാഭമാണ്.

എന്നാല്‍ ധാരാളം വിറ്റഴിയുന്നു എന്നത് കൊണ്ട് പുസ്തകം മികച്ചതാണ് എന്നൊരു ധാരണ എനിക്കില്ല. മികച്ചതെല്ലാം ധാരാളമായി വിറ്റഴിയുമെങ്കില്‍ അരുണ്‍ ആര്‍ഷയുടെ ദാമിയന്റെ അതിഥികള്‍ ഒക്കെ ഇവിടെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നേനെ (ആ വിഭാഗത്തില്‍). എന്നെ സംബന്ധിച്ച് ഇത് ലാഭമായിരുന്നു എന്ന് മാത്രമാണ് പറഞ്ഞത്. രണ്ടാമത്തെ വിഷയം നിലവാരത്തിന്റെ ആണ്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (യുവ പുരസ്‌കാര്‍ ) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ( ഗീതാഹിരണ്യന്‍ ) എന്നിവയുടെ ചുരുക്കപ്പട്ടികയില്‍ കയ്യില്‍ നിന്ന് പണം മുടക്കി 300 കോപ്പിയോളം അടിച്ച് അതില്‍ 55 കോപ്പി ഞാന്‍ തന്നെ വാങ്ങിക്കേണ്ടി വന്ന ഈ പുസ്തകം ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത് ക്വാളിറ്റിയെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകം ആണോ എന്ന് ചോദിച്ചാല്‍ എന്റെ വ്യക്തിപരമായ അനുഭവത്തിലും അഭിപ്രായത്തിലും അല്ല എന്ന് മാത്രമേ പറയാനാകൂ. എങ്കിലും എവിടേയും അവസരങ്ങള്‍ ലഭിക്കാത്ത ഒരു ഭാഗ്യാന്വേഷിയായ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമാണ്. ‘നീലച്ചടയന്‍’ അതിന്റെ ഏഴാം പതിപ്പില്‍ ഇന്നും മാര്‍ക്കറ്റില്‍ ഉണ്ട്, അതേ കാലത്ത് സ്വന്തം പണം മുടക്കി തന്നെ പുറത്തിറക്കിയ വേറേയും ചില ടൈറ്റിലുകള്‍ ഇന്നും ധാരാളമായി വിറ്റഴിയുന്നുണ്ട് (അവരുടെ സ്വകാര്യതയെ മുന്‍ നിര്‍ത്തി അതിന്റെ പേരുകള്‍ പറയാതിരിക്കാന്‍ എല്ലാ നിലയിലും ഞാന്‍ ബാധ്യസ്ഥനായതു കൊണ്ടാണ് അതിന്റെ പേരുകള്‍ പറയാത്തത്) എന്നാല്‍ അതേ കാലത്ത് പ്രസാധകര്‍ പരമ്പാരഗത രീതിയില്‍ തിരഞ്ഞെടുത്ത് സ്വന്തം പണം മുടക്കി, കൊട്ടിഘോഷിച്ച് ഇറക്കിയ പല പുസ്തകങ്ങളും ഇന്ന് വില്‍പ്പനയിലോ, വായനയിലോ ഇല്ല.

പ്രസാധകര്‍ തിരഞ്ഞെടുക്കുന്നത് മുന്തിയത്, സ്വയം പണം മുടക്കി ഇറക്കുന്നത് ‘ചവര്‍’ എന്നൊരു പട്ടിക തിരിക്കുന്നതില്‍ അര്‍ത്ഥം ഉണ്ടെന്ന് തോന്നുന്നില്ല. വലിയ വായന ഉള്ളവരാണു പുസ്തകങ്ങള്‍ എഴുതേണ്ടത് എന്നൊരു പൊതുബോധവും സാധാരണ നിലയില്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു കാണാറുണ്ട്. എനിക്ക് വലിയ വായന ഇല്ലെന്ന് ഒരാഴ്ച്ച മുന്‍പ് പോലും ഏതോ ഒരു സ്ത്രീ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം ബാലിശമായ അഭിപ്രായങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും വായന ഇല്ലെങ്കില്‍ അത് ഇല്ലാ എന്ന് പറയാന്‍ ആരേയും ഭയക്കേണ്ടതില്ല. വായിക്കുന്നവര്‍ മാത്രമാണ് എഴുതുവാന്‍ യോഗ്യരായവര്‍, പ്രസാധകര്‍ തിരഞ്ഞെടുക്കുന്നവര്‍ മാത്രമാണ് മികച്ച എഴുത്തുകാര്‍ എന്നൊക്കെയുള്ള ധാരണകള്‍ക്ക് കാലാകാലങ്ങളില്‍ വെള്ളവും വളവും കൊടുത്ത് തന്നെയാണ് എഴുത്ത് എല്ലാ കാലത്തും ചിലരുടെ കുത്തകയാക്കി നിലനിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിച്ചു കൊണ്ടിരുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ പബ്ലിഷറുടെ താക്കോല്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയുടെ കൂടെ മറ്റെന്തോ വിഷയം സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു മാസം ഏതാണ്ട് അഞ്ഞൂറിന് മുകളില്‍ പുസ്തകങ്ങള്‍ (അതിന്റെ മാനു സ്‌ക്രിപ്റ്റ്) അവരുടെ സ്ഥാപനത്തില്‍ അയച്ചു കിട്ടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പോസ്റ്റ് എഴുതുന്നതിന് മുന്‍പ് വെറുതേ ഒന്ന് പരിശോധിച്ചപ്പോള്‍ ഇന്നലെ ഒരു ദിവസം മാത്രം പുതിയ അഞ്ച് പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പ്രമുഖര്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ വര്‍ഷം എഴുതുന്നുണ്ട്.

ക്യുവില്‍ ഉള്ള മറ്റു പുസ്തകങ്ങള്‍ ബ്ലോക്ക് ചെയ്താണ് ഇവരുടെ പുസ്തകങ്ങള്‍ പ്രസാധകര്‍ എഴുതി ചൂടാറും മുന്‍പ് വില്‍പ്പനയക്ക് എത്തിക്കുന്നത്. ഇതിന് അപൂര്‍വ്വം അപവാദങ്ങള്‍ ഉണ്ടെങ്കില്‍ പോലും മലയാളത്തിലെ പേരെടുത്ത മിക്കവാറും പ്രസാധകരുടെ ഗേറ്റുകള്‍ എല്ലാം പുതിയ എഴുത്തുകാര്‍ക്ക് മുന്നില്‍ അടഞ്ഞ് കിടക്കുകയാണ്. മുന്‍പ് ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അടുത്ത പുസ്തകം പ്രസാധകര്‍ സ്വീകരിക്കും എന്നത് പരസ്യമായ ഒരു രഹസ്യമാണ്, അതാണ് സാധാരണ അനുഭവം. പക്ഷേ, ആദ്യ പുസ്തകം നമ്മള്‍ എങ്ങനെയാണ് പുറത്തിറക്കുക? ഒരു ഗേറ്റ് പല തവണ ചെന്നാലും അടഞ്ഞ് കിടക്കുകയാണെങ്കില്‍, അത് തള്ളിയിട്ടും തുറക്കുന്നില്ലെങ്കില്‍ അകത്ത് കടക്കണമെന്ന് നിര്‍ബന്ധം ഉള്ളവരുടെ അടുത്ത പരിപാടി മതില് ചാടി കടക്കുക എന്നതാണ്.

ഞാന്‍ അങ്ങനെ മതില് ചാടി കടന്നപ്പോള്‍ ആ ഗേറ്റ് എനിക്ക് പില്‍ക്കാലത്ത് ഉള്ളില്‍ നിന്ന് തുറക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്, എന്നെ സംബന്ധിച്ചിടത്തോളം ഈ മതിലിന് ഏറ്റവും ഉയരം കുറഞ്ഞ ഭാഗം ‘പണം നല്‍കി, പേജ് എണ്ണി പുസ്തകം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു’ അപ്പുറം കടന്ന് ചെന്നാല്‍ നമ്മുടെ പേരിനു നേരെ പിന്നീട് മായാത്ത മുദ്രയടിക്കുന്നത് വായനക്കാരാണ്. ആ മുദ്ര നന്നായിരിക്കാന്‍ നമ്മള്‍ പണി വേറേ എടുക്കണം, അത് മറ്റൊരു വിഷയം! അവരുടെ മുന്നിലേക്ക് നമ്മുടെ പുസ്തകം എത്തിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ഇതില്‍ നടക്കുന്ന ചര്‍ച്ചകളെ ഞാന്‍ എതിര്‍ക്കുകയോ, അനുകൂലിക്കകയോ ചെയ്യുന്നില്ല. അങ്ങനെ ചെയ്യണമെങ്കില്‍ നമുക്ക് ധാരാളം അറിവും ആത്മവിശ്വാസവും ആവശ്യം ആണ്. ആദ്യത്തെ സിനിമ\ ആദ്യത്തെ ബുക്ക് ഒക്കെ ചെയ്യുക ഈ കാലത്ത് ഒരു ബുദ്ധിമുട്ടേ അല്ല.

ആരെങ്കിലും ഒക്കെ വന്ന് നിങ്ങള്‍ക്ക് തല വെക്കും. പക്ഷേ, ചെയ്ത് കഴിഞ്ഞാല്‍ അത് പിന്നീട് നിങ്ങളുടെ പേരിന്റെ ഭാഗമാണ്. അനേകം അവസരങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടമാകാന്‍ ഈ ഒരു വര്‍ക്ക് മതി. അത് കാരണം ആദ്യത്തെ വര്‍ക്ക് വളരെ ശ്രദ്ധിച്ച് ചെയ്യുക. ഇതു സംവിധായകന്‍ ലാല്‍ പറഞ്ഞതാണ്. എല്ലാവരും എഴുത്തുകാരാകുന്ന, എല്ലാവരും പാട്ടുപാടുന്ന ഒരു കാലത്തെ നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് ഒരിക്കല്‍ ജാസി ഗിഫ്റ്റ് ചോദിച്ചിട്ടുണ്ട്. സ്വന്തമായി പണം മുടക്കി ഇറക്കുന്ന പുസ്തകങ്ങള്‍ രണ്ടാം തരം അല്ല, ക്വാളിറ്റി ഇല്ലാത്ത പുസ്തകങ്ങള്‍ ആണു രണ്ടാം തരം പുസ്തകങ്ങള്‍. കൂടുതല്‍ പേര്‍ എഴുത്തിലേക്ക് വരട്ടെ എന്നാണ് വ്യക്തിപരമായി ഏറ്റവും വലിയ ആഗ്രഹം, വായനക്കാരെ ഇതു ദോഷകരമായി ബാധിക്കുമോ എന്ന് അറിയില്ല. പക്ഷേ ഒരു എഴുത്തുകാരന്‍\ എഴുത്തുകാരി എന്ന നിലയില്‍ കനത്ത മല്‍സരം ഉണ്ടാകുന്നത് വ്യക്തിപരമായി നമുക്ക് ഗുണം ചെയ്യും.

ഞാന്‍ പറയുന്നതിനെല്ലാം ഈ പുസ്തകം കടന്ന് വന്ന വഴികള്‍ വാചാലമായി സാക്ഷ്യം വഹിക്കുന്നത് കൊണ്ടാണ് പുസ്തകത്തിന്റെ പേര് ഈ എഴുത്തില്‍ പല തവണ ഉപയോഗിക്കേണ്ടി വന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ വരിക, ഇഷ്ട്ടപ്പെട്ട ഇടങ്ങളിലേക്ക് കടന്നു വരാന്‍ ആരും നമുക്ക് ക്ഷണക്കത്ത് അയക്കേണ്ടതില്ല!

Related posts:

Leave a Reply

Your email address will not be published.