പെട്രോള്‍ വിറ്റ വകയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നഷ്ടം കോടികള്‍

1 min read

രാജ്യത്തെ എണ്ണ കമ്പനികളിലെ പൊതു മേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വീണ്ടും നഷ്ടത്തില്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക പാദത്തില്‍ 272.35 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റവകയിലാണ് നഷ്ടം നേരിട്ടത് എന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 6360.05 കോടി രൂപ ലാഭം നേടിയ സ്ഥാപനമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനി നഷ്ടം നേരിടുന്നത്.

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അടക്കം പൊതുമേഖല എണ്ണ കമ്പനികളെല്ലാം നഷ്ടം നേരിട്ടിരുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ താല്പര്യമനുസരിച്ച് എണ്ണ കമ്പനികള്‍ ഒന്നും അന്താരാഷ്ട്ര വില നിലവാരത്തില്‍ ഉണ്ടായ ക്രൂഡോയില്‍ വിലയിലെ മാറ്റത്തിന് അനുസരിച്ച് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരുന്നില്ല. ഇതാണ് നഷ്ടം നേരിടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Related posts:

Leave a Reply

Your email address will not be published.