കേരളസര്‍വകലാശാലയുടെ മാര്‍ക്‌സിയന്‍ വിജ്ഞാനകോശം:’കേരള നവോത്ഥാനത്തെ വ്യാജചരിത്രനിര്‍മിതിയിലൂടെ ഹൈജാക്ക് ചെയ്യാന്‍ നീക്കം’
1 min read
തിരുവനന്തപുരം:കേരള സര്‍വകലാശാല മാര്‍ക്‌സിയന്‍ പഠന കേന്ദ്രം നടപ്പാക്കുന്ന പത്തു കോടി രൂപയുടെ, കേരളത്തിലെ ഒരു നൂറ്റാണ്ടുകാലത്തെ മാര്‍ക്‌സിയന്‍ വിജ്ഞാനകോശ പദ്ധതി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണെന്ന് കെ പി സി സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി.കാലഹരണപ്പെട്ട മാര്‍ക്‌സിയന്‍ പ്രത്യയ ശാസ്ത്രത്തേയും കേരളത്തിലെ പരാജയപ്പെട്ട രക്തരൂക്ഷിത വിപ്ലവ സമരങ്ങളെയും നായകരെയും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെയും മഹത്വവല്‍ക്കരിക്കരിക്കുകയെന്നതാണ് സി പി എം അജണ്ട. ശ്രീ നാരായണ ഗുരുവിന്റെയും അയ്യന്‍കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ രൂപമെടുത്ത കേരള നവോത്ഥാനത്തെ വ്യാജചരിത്ര നിര്‍മിതിയിലൂടെ ഹൈജാക്ക് ചെയ്യാനാണ് സി പി എം ഉദ്ദേശിക്കുന്നത്.
എ കെ ജി പഠന കേന്ദ്രമോ, ഇ എം എസ് അക്കാഡമിയോ പാര്‍ട്ടിയ്ക്കു വേണ്ടി ചെയ്യേണ്ട കാര്യമാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കേരള സര്‍വകലാശാലയെ കൊണ്ട് നിര്‍വഹിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ എ കെ ജി സെന്ററിന്റെ ഔട്ട് ഹൗസുകളായി മാറിയിരിക്കുന്ന സര്‍വകലാശാലകളെ ചുവപ്പു വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.അഞ്ചു വാല്യങ്ങള്‍ അടങ്ങിയ മാര്‍ക്‌സിയന്‍ വിജ്ഞാനകോശത്തിന്റെ പ്രാരംഭ ചിലവുകള്‍ക്കായി 30 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ ഒരു ജനറല്‍ എഡിറ്ററെയും അഞ്ചു അസിസ്റ്റന്റുമാരുടെയും ശമ്പളത്തിനാണ്. ഇവരുടെ നിയമനത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നു വരുന്നു. 10 ലക്ഷം രൂപ പുസ്തകം വാങ്ങാനാണ്.
ഒന്നാം വാല്യത്തില്‍ അഞ്ഞൂറോളം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവചരിത്രമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളാണ് രണ്ടാം വാല്യം. രാഷ്ട്രീയം സമൂഹം, വികസനം, കല, സാഹിത്യം, സംസ്‌ക്കാരം മാദ്ധ്യമ രംഗം എന്നീ മേഖലകളിലെ മാര്‍ക്‌സിയന്‍ ചിന്താധാരയുടെ സ്വാധീനമാണ് മറ്റു വാല്യങ്ങളില്‍ .