ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; 12 മരണം
1 min readന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി 12 പേര്‍ മരിച്ചു. പലയിടത്തും വെള്ളക്കെട്ടും അതിരൂക്ഷമാണ്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും ഗതാഗത തടസ്സവും രൂക്ഷമാണ്
ഹരിയാനയിലെ ഗുരുഗ്രാമില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. മഴവെള്ളം നിറഞ്ഞ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ഡല്‍ഹി ലാഹോറിഗേറ്റില്‍ വീടുതകര്‍ന്ന് നാല് വയസ്സുകാരി അടക്കം രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ സുന്ദര്‍ഗഡില്‍ ഇടിമിന്നലേറ്റ് രണ്ടുപേരും മരിച്ചു. ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.
മഴ തുടരുന്ന സാഹചര്യത്തില്‍ ലഖ്‌നൗ, നോയിഡ, ഗാസിയാബാദ്, കാണ്‍പൂര്‍, ആഗ്ര എന്നിവിടങ്ങില്‍ സ്‌കൂളുകള്‍ക്ക് യുപി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. രണ്ടുദിവസം കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നിറിയിപ്പുണ്ട്.