‘ക്യാപ്റ്റന് പിന്നാലെ ആസാദും’: ഗുലാംനബിയും ബിജെപി പാളയത്തിലേക്ക്?

1 min read

അമരീന്ദർസിംഗിന് പിന്നാലെ ഗുലാംനബി ആസാദും ബിജെപിയില്‍ എത്തുമോ? അമരീന്ദറിന്റെ അതേ പാതയിലാണ് ഇപ്പോള്‍ ഗുലാംനബി ആസാദും സഞ്ചരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു അമരീന്ദര്‍ ചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന തന്റെ പുതിയ പാര്‍ടിയിലൂടെ അദ്ദേഹം ബി ജെ പിയുമായി സഹകരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മാസങ്ങള്‍ക്കിപ്പുറം തന്റെ പാർട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമരീന്ദർ സിങ് അമരീന്ദർ സിങിന് ശേഷം കോണ്‍ഗ്രസ് വിട്ട് ഏറ്റവും പ്രമുഖ നേതാവാണ് ഗുലാംനബി ആസാദ്. ഒരുപക്ഷെ കഴിഞ്ഞ പതിറ്റാണ്ടില്‍ തന്നെ പാർട്ടി വിടുന്ന ഏറ്റവും ഉന്നതനായ നേതാവുമാണ് അദ്ദഹേം. കോണ്‍ഗ്രസ് വിട്ട അദ്ദേഹവും ജമ്മുകശ്മീരില്‍ പുതിയ പാർട്ടി രൂപീകരിച്ചു കഴിഞ്ഞു. അമരീന്ദർ സിങ് മാതൃകയില്‍ ഈ പാർട്ടിയിലും കാലക്രമേണ ബി ജെ പിയിലേക്ക എത്തുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്

കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് തന്നെ ഗുലാം നബി ആസാദിനുമേല്‍ ബി ജെ പി ബന്ധം ആരോപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുടക്കം കുറിച്ചിരുന്നു. അതിന് അവർക്ക് കാരണങ്ങളുമുണ്ടായിരുന്നു. രാജ്യസഭയിലെ കോണ്‍ഗ്രസിന്റ പ്രതിപക്ഷ സ്ഥാനത്ത് നിന്നും വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നടത്തിയ വികാര നിർഭരമായ വിടപറച്ചിലും പിന്നാലെ വന്ന പത്മഭൂഷണ്‍ പുരസ്കാരവുമാണ് പ്രധാന കാരണങ്ങള്‍. ഇതോടൊപ്പം തന്നെയാണ് ഡല്‍ഹിയിലെ വസതിയുടെ കാലാവധി ഗുലാംനബി ആസാദിന് കേന്ദ്ര സർക്കാർ ദീർഘിപ്പിച്ച് നല്‍കുന്നത്. മറ്റ് പല നേതാക്കളുടേയും വസതികള്‍ ഒഴിയാന്‍ നോട്ടീസ് നല്‍കുമ്പോഴാണ് ആസാദിനുള്ള ഈ പ്രത്യേക ആനുകൂല്യം എന്നതാണ് ശ്രദ്ധേയം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ താമസിയാതെ ഗുലാംനബി ആസാദും അദ്ദേഹത്തിന്റെ പാർട്ടിയും ബി ജെ പിയിലേക്ക് എത്തിയേക്കുമെന്നാണ് കശ്മീരില്‍ നിന്നുള്ള നേതാക്കളുടെ തന്നെ വിലയിരുത്തല്‍.

കശ്മീരിലെ പ്രാദേശിക പാർട്ടികൾ കശ്മീരി സ്വത്വം എന്നു പറഞ്ഞു പഴകിയ ചൊല്ല് കൈവിട്ട് ദേശീയധാരയിലേക്കു വരണം എന്ന ബി ജെ പിയുടേയും കേന്ദ്ര സർക്കാറിന്റെയും നിലപാടിനെ പിന്തുണയ്ക്കുന്ന നയമാണ് ഗുലാംനബി ആസാദിനും ഉള്ളത്. 370-ാം വകുപ്പ് പുനഃസ്ഥാപിക്കുക എന്നത് പ്രായോഗികമായ നടപടിയേ അല്ല എന്നാണ് കഴിഞ്ഞ ദിവസം ആസാദ് വ്യക്തമാക്കിയത്. പി ഡി പിയും നാഷണല്‍ കോണ്‍ഫറന്‍സും ഉള്‍പ്പടേയുള്ള കശ്മീരിലെ പ്രാദേശിക പാർട്ടികളും കോൺഗ്രസും സിപിഎമ്മുമൊക്കെ സഹകരിക്കുന്ന ഗുപ്കർ സഖ്യത്തെ ആസാദ് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പുതിയ പാർട്ടിക്ക് ഇവരുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് തുടക്കത്തില്‍ തന്നെ അരക്കിട്ട് ഉറപ്പിക്കുകയാണ് ഗുലാം നബി ആസാദ്.

370-ാം വകുപ്പ് പുനഃസ്ഥാപിക്കുക എന്ന വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കാതെ സംസ്ഥാനത്തിന്റ വികസനത്തേക്കുറിച്ച് സംസാരിക്കാനാണ് ഗുപ്കർ സഖ്യത്തോടുള്ള ഗുലാംനബി ആസാദിന്റെ ആഹ്വാനം. ഈ നിലപാട് പരക്കെ വിമർശിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അത് ആവർത്തിക്കുകയും ചെയ്തു. ജമ്മു- കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിർണ്ണായ ഇടം പിടിക്കാന്‍ ആസാദിന് സാധിക്കുമെന്നും അദ്ദേഹം കിങ് മേക്കറായി മാറുമെന്നുമാണ് ബി ജെ പി വിലയിരുത്തുന്നത്.

Related posts:

Leave a Reply

Your email address will not be published.