കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ബിജെപിയിലെത്തും; കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ മോദി- ഷാ നീക്കം
1 min readതിരുവനന്തപുരം: 2024 ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ മോദി -ഷാ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ നേരിട്ട് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഇക്കുറി താമര വിരിയിക്കുമെന്ന ഉറച്ച തീരുമാനമാണ് കേന്ദ്ര ബിജെപിയില്‍ നിന്നും വരുന്നത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവേദ്കർ ഈ മാസം അവസാനം കേരളത്തിൽ എത്തുന്നതോടെ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ രൂപ രേഖ തയ്യാറാകും. പ്രകാശ് ജാവേദ്കറിനൊപ്പം പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേരളത്തിൽ എത്തുന്നുണ്ട്. പാർട്ടിയുമായി അകന്ന് നിൽക്കുന്ന നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തിൽ വേരുറപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇക്കുറി സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ ചെലുത്താൻ ബി ജെ പി ദേശീയ നേതൃത്വം തീരുമാനിച്ചത്. അതിന്റെ ആദ്യ പടിയായിട്ടായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രകാശ് ജാവേദ്കറിനെ സംസ്ഥനത്തിന്റെ പ്രഭാരിയായി നിയമിച്ചത്.
കേരളത്തിൽ ബി ജെ പിയിലേക്ക് വരാൻ മറ്റ് പാർട്ടികളിലെ നേതാക്കൾക്ക് താത്പര്യമുണ്ടെന്ന് നേരത്തേ ദേശീയ നേതൃത്വത്തിന് സമർപ്പിച്ച കേന്ദ്രമന്ത്രിമാരുടെ വിശകലന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസിനെ ലക്ഷ്യം വെച്ചാണ് നേതാക്കളെ ചാടിക്കാൻ പദ്ധതി ഒരുക്കുന്നത്. വനിതാ നേതാക്കളാണ് ലക്ഷ്യം. പാർട്ടിയിൽ അതൃപ്തി പുലർത്തുന്ന ചില വനിതാ നേതാക്കളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വെയ്ക്കുന്നത്.
കെ പി സി സി ഭരവാഹിപ്പട്ടികയിൽ നിന്നും തഴയപ്പെട്ടതിൽ നിരവധി വനിതാ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇവരെ കണ്ടെത്തി ബി ജെ പിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇതിനോടകം തന്നെ ചില വനിതാ നേതാക്കളുമായി ബി ജെ പി നേതൃത്വം ചർച്ച നടത്തി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വനിത നേതാക്കൾ കോർ കമ്മിറ്റിയിൽ വേണമെന്ന നിർദ്ദേശം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. അഞ്ച് മണ്ഡലങ്ങളാണ് ബി ജെ പി ഇക്കുറി കേരളത്തിൽ എ കാറ്റഗറിയിൽ പെടുത്തിയിരിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ ചെലുത്താനാണ് ബി ജെ പി നീക്കം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു ബി ജെ പി. 30 ശതമാനം വോട്ടുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു.