സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ഗെലോട്ട് പക്ഷം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് കുരുക്കില്‍

1 min read

ന്യൂഡല്‍ഹി: രാജസ്ഥാനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി. സച്ചിൻ പൈലറ്റിനെ അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കമാന്റ് ചർച്ച ഗെലോട്ട് പക്ഷം തടഞ്ഞതോടെയാണ് പ്രതിസന്ധി വന്നത്. ഗെലോട്ടിനെ മഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് എംഎൽഎമാർ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ തങ്ങൾ നിർദ്ദേശിക്കുന്നയാളെ പരിഗണിക്കണമെന്ന് നേതാക്കൾ പറയുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും തനിക്ക് മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും വേണമെന്നായിരുന്നു ഗെലോട്ട് ആവശ്യപ്പെട്ടത്.

എന്നാൽ ഒരാൾക്ക് ഒരു പദവി എന്നതിൽ നേതൃത്വം ഉറച്ച് നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് മുഖ്യമന്ത്രി ചർച്ച മാറ്റിവെയ്ക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടെങ്കിലും ഇതും അംഗീകരിക്കാൻ ഹൈക്കമാന്റ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ഞായറാഴ്ച ഞായറാഴ്ച രാത്രിയോടെ ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ച് കൊണ്ട് ഗെഹ്ലോട്ട് പക്ഷത്തുള്ള 90 ൽ അധികം എം എൽ എമാർ രാജി ഭിഷണി മുഴക്കിയത്. അതിനിടെ രാജസ്ഥാൻ നീക്കത്തിൽ അശോക് ഗെഹ്ലോട്ടിനെതിരെ ഒരു വിഭാഗം നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് . പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച ഗെഹ്ലോട്ടിന് ഇനി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യത ഇല്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.

എം എൽ എമാർ നിലപാട് കടുപ്പിച്ചതോടെ ഞായറാഴ്ച ചേരാനിരുന്ന നിയമസഭ കക്ഷിയോഗം റദ്ദാക്കിയിരുന്നു. സച്ചിന് തടയിടാനുള്ള ഗെലോട്ടിന്റെ അവസാന നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അതേസമയം ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ തനിക്കൊരു റോളുമില്ലെന്നാണ് ഗെഹ്ലോട്ടിന്റെ വിശദീകരണം. സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം എം എൽ എമാരെ ചൊടിപ്പിച്ചിരിക്കുകയാണെന്നും കാര്യങ്ങൾ തന്റെ കൈയ്യിൽ ഇല്ലെന്നും ഗെഹ്ലോട്ട് പറയുന്നു. ഇക്കാര്യം ദേശീയ നേതൃത്വത്തെ ഗെഹ്ലോട്ട് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടിനെ ഫോണിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചെന്നാണ് വിവരം. എന്നാൽ ഗെഹ്ലോട്ട് തന്നെ ബന്ധപ്പെട്ടുവെന്ന വാർത്തകൾ കെസി വേണുഗോപാൽ നിഷേധിച്ചു. അദ്ദേഹം തന്നെ വിളിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചയാണ് വാര്‍ത്ത. അതേസമയം പ്രശ്നപരിഹാരത്തിനായി മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗയെയും അജയ് മാക്കനേയും സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇരുനേതാക്കളും ഉടൻ തന്നെ ഗെഹ്ലോട്ട് പക്ഷത്തെ എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തി നിലപാട് തേടും. തുടർന്ന് ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ച് നിയമസഭ കക്ഷി യോഗം വിളിച്ച് ചേർത്തേക്കും. തീരുമാനം ഹൈക്കമാന്റിന് വിട്ടുകൊടുത്ത് കൊണ്ട് പ്രമേയം പാസാക്കിയേക്കും. അതേസമയം പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കമാന്റ് എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എം എൽ എമാർ കടുത്ത നിലപാടിൽ തുടർന്നാൽ സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിൽ നിന്നും ഹൈക്കമാന്റ് പിന്നോട്ട് പോയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കടുത്ത അതൃപ്തികൾക്കിടയിൽ സച്ചിനെ മുഖ്യമന്ത്രിയാക്കി മുന്നോട്ട് പോയാൽ ‘പഞ്ചാബ്’ ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നേതൃത്വം. നേരത്തേ അമരീന്ദർ സിംഗ്- നവജ്യോത് സിംഗ് സിദ്ദു തർക്കത്തിൽ സിദ്ദുവിനൊപ്പം ഹൈക്കമാന്റ് നിന്നപ്പോൾ അമരീന്ദർ പാർട്ടി വിട്ടു. നേതൃത്വത്തിന്റെ തീരുമാനം പാർട്ടിക്കുള്ളിലും വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.