‘കുലംകുത്തിക്ക് പോകാന്‍ വഴി കൊടുക്കൂ’; പി.സി.ചാക്കോയ്ക്ക് ആര്യാടന്റെ വീട്ടുമുറ്റത്ത് വെച്ച് അധിക്ഷേപം

1 min read

മലപ്പുറം: . മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധിക്ഷേപം. ആര്യാടന്‍ മുഹമ്മദിന്റെ മൃതദേഹം കണ്ട് മടങ്ങുന്നതിനിടെ പി സി ചാക്കോയെ വീട്ട് മുറ്റത്ത് വെച്ച് ‘കുലംകുത്തി’ എന്ന് വിളിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ആര്യാടന്റെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുലംകുത്തിക്ക് പോകാന്‍ വഴി കൊടുക്കൂ എന്നായിരുന്നു വിളിച്ച് പറഞ്ഞത്. എന്നാല്‍ ചില പ്രവര്‍ത്തകര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ ആളെ ഉള്‍പ്പെടെ ശകാരിച്ച് പെട്ടെന്ന് തന്നെ രംഗം ശാന്തമാക്കുകയും ചെയ്തു. ആര്യാടന്‍ മുഹമ്മദ് കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല എന്ന് പറഞ്ഞായിരുന്നു പി സി ചാക്കോ അദ്ദേഹത്തെ അനുസ്മരിച്ചത്. കോണ്‍ഗ്രസ് നേതാവും എം പിയുമായിരുന്ന പി സി ചാക്കോ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി വിട്ട് എന്‍ സി പിയില്‍ ചേര്‍ന്നത്.

പി.സി ചാക്കോ നാല് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തിയിരുന്നു. ഒരു തവണ എം എല്‍ എയുമായി. പി സി ചാക്കോ കോണ്‍ഗ്രസ് വിട്ട സമയത്ത് തന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനൊപ്പം നിന്ന് സ്ഥാനമാനങ്ങള്‍ നേടിയ ശേഷം പാര്‍ട്ടിയെ ഉപേക്ഷിച്ചു എന്നായിരുന്നു പ്രധാന വിമര്‍ശനം.

ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മുക്കട്ട വലിയ ജുമാ മസ്ജിദില്‍ ഒൗദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആര്യാടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇന്നലെ മരിച്ചത്.

രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇന്നലെ തന്നെ നിലമ്പൂരിലെത്തി ആര്യാടന്‍ മുഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. മൂന്ന് മന്ത്രിസഭയിലെ മന്ത്രിയായ ആര്യാടന്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ അതികായരില്‍ ഒരാളായിരുന്നു. 1965 ലും, 1967ലും നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് പരാജയപ്പെട്ടു.

1969 ല്‍ ജൂലൈ 28ന് കുഞ്ഞാലി വധകേസില്‍ പ്രതിയാക്കപ്പെട്ടെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1977 മുതല്‍ നിലമ്പൂരില്‍ നിന്ന് മത്സരിച്ച് ഏഴ് തവണ നിയസഭയിലെത്തി. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയിലായപ്പോള്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. പിന്നീട് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളിലും മന്ത്രിയായി.

Related posts:

Leave a Reply

Your email address will not be published.