മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രിട്ടനിലെത്തി; കാള്‍ മാര്‍ക്‌സിന്റെ ശവകൂടീരത്തില്‍ പ്രണാമം അര്‍പ്പിക്കും

1 min read

ലണ്ടന്‍: യൂറോപ്യന്‍ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മന്ത്രി പി.രാജീവും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം ഇന്നു രാവിലെ ലണ്ടനില്‍ എത്തിയത്. ഇന്നും നാളെയും തിങ്കളാഴ്ചയുമാണ് ബ്രിട്ടനിലെ പ്രധാന പരിപാടികള്‍.

ഇന്ന് ഉച്ചകഴിഞ്ഞ് ലണ്ടനിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സിന്റെ ശവകൂടീരത്തിലും മുഖ്യമന്ത്രി പ്രണാമം അര്‍പ്പിക്കും. നാളെ രാവിലെ മുതല്‍ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലിലാണ് (ടാജ്) ലോകകേരളസഭ യൂറോപ്പ്–യുകെ മേഖലാ സമ്മേളനം. രാവിലെ 9.30ന് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ് സമ്മേളനം സമാപിക്കുക. സമ്മേളനത്തില്‍ ലോകകേരളസഭ പ്രസീഡിയം അംഗമായിരുന്ന ടി.ഹരിദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആഗോള പ്രാഗല്‍ഭ്യ പുരസ്‌കാര ദാനം മുഖ്യമന്ത്രി നിര്‍വഹിക്കും.

നാളെ വൈകിട്ട് ലണ്ടന്‍ മിഡില്‍സെക്‌സിലെ ഹെല്‍റ്റം ടൂഡോ പാര്‍ക്കില്‍ നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കേളീരവം എന്ന സാംസ്‌കാരിക പരിപാടികളോടെയാണ് പ്രവാസി സംഗമത്തിന് തുടക്കം. വൈകിട്ട് 5.30ന് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി എഴു മുതല്‍ ഒന്‍പതുവരെ കേളീരവം സാംസ്‌കാരിക പരിപാടികള്‍ തുടരും.

മുഖ്യമന്ത്രിക്കൊപ്പം ചേരാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്നലെ രാത്രി ലണ്ടനിലെത്തി. സമ്മേളന ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ബ്രിട്ടനിലെത്തിയിരുന്നു. ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരും.

തിങ്കളാഴ്ച കാഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തില്‍ ഗ്രാഫിന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങുന്നതു സംബന്ധിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്തും. കേരളാ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും (സമെറ്റ്) ടാറ്റാ സ്റ്റീല്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും അടിസ്ഥാന സൗകര്യവുമൊരുക്കി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന 86.41 കോടിയുടെ പദ്ധതിയാണിത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 12ന് സംഘം കേരളത്തിലേക്ക് മടങ്ങും.

Related posts:

Leave a Reply

Your email address will not be published.