കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു!ബലാത്സംഗം, കൊലപാതകം…പ്രതിഷേധം രേഖപ്പെടുത്തി ഡാനിഷ് കനേരിയ

1 min read

പാകിസ്ഥാനില്‍ നടക്കുന്നത് ക്രൂരതയെന്ന് കനേരിയ

കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ. പിന്നാലെ ലോകത്തുള്ള ഹിന്ദു വിശ്വാസികളോട് ശബ്ദമുയര്‍ത്താനും കനേരിയ ആവശ്യപ്പെട്ടു. കറാച്ചിയിലെ സോള്‍ജിയര്‍ ബസാറിലെ ക്ഷേത്രം വന്‍ പൊലീസ് സന്നാഹത്തോടെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. 150 വര്‍ഷത്തോളം പഴക്കമുള്ളതായിരുന്നു ഈ ക്ഷേത്രം.

”പാകിസ്ഥാനിലെ ചരിത്ര പ്രാധാന്യമുള്ള ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടതില്‍ ഹിന്ദു വിശ്വാസികള്‍ മൗനം പാലിക്കുന്നതെന്താണ്? എണ്ണിയാലൊതുങ്ങാത്ത ക്രൂരതകളാണ് പാകിസ്ഥാനില്‍ നടക്കുന്നത്. നിര്‍ബന്ധിത മതം മാറ്റം, തട്ടികൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം അങ്ങനെ നീളുന്നു. രാജ്യത്ത് മതത്തിന് സ്വാതന്ത്ര്യമില്ല. ഈ അനീതിക്കെതിരെ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികള്‍ ശബ്ദമുയര്‍ത്തണം.” എന്ന് കനേരിയ ട്വിറ്ററില്‍ കുറിച്ചു.

അടുത്തിടെ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണ് അക്രമിക്കപ്പെടുന്നത്. സിന്ധ് പ്രവിശ്യയിലെ ദക്ഷിണ മേഖലയിലെ ഹിന്ദു ക്ഷേത്രമാണ് ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. സിന്ധിലെ ക്ഷേത്രം ആക്രമണ സമയത്ത് ക്ഷേത്രം അടച്ച നിലയിലായിരുന്നു. പ്രാദേശികരായ ഹിന്ദു വിശ്വാസികള്‍ നിര്‍മിച്ച ചെറുക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത്. സിന്ധ് പ്രവിശ്യയിലെ കാശ്‌മോര പ്രദേശത്തെ ഹിന്ദു വിശ്വാസികളുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ബാഗ്രി സമുദായത്തിന്റേതാണ് സിന്ധിലെ ഈ ക്ഷേത്രം. ഒന്‍പതോളം പേര്‍ ചേര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിന് നേരെ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുമ്പോഴേയ്ക്കും അക്രമികകള്‍ കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നാല് മക്കളുമായി പാക് വനിത കാമുകനെ തേടി ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് ക്ഷേത്രം തകര്‍ത്തതെന്നും പറയപ്പെടുന്നു.

Related posts:

Leave a Reply

Your email address will not be published.