അയോദ്ധ്യയില്‍ ക്ഷേത്രം ഉയരുമ്പോള്‍ ഓര്‍ക്കേണ്ടത് കോത്താരി സഹോദരരുടെ കഥ

1 min read

കോത്താരി സഹോദര്‍ അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ആവേശഭരിതമായ മുഖം

അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭാരതീയര്‍ മുഴുവന്‍ ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. അയോദ്ധ്യയില്‍ ക്ഷേത്രം ഉയരുമ്പോള്‍ ഓര്‍ക്കേണ്ടത് ഇതിനായി ജീവന്‍ ത്യാഗം ചെയ്ത നിരവധി കാര്‍സേവകരുടെ കഥ. അവരില്‍ ഏറ്റവും എടുത്തുപറയേണ്ടവരാണ് കൊല്‍ക്കൊത്തയിലെ കോത്താരി സഹോദരന്മാര്‍. 1990, അന്ന് മുലയംസിംഗ് യാദവിന്റെ ഭീകരതായിരുന്നു അയോദ്ധ്യ കണ്ടത്. ഉത്തര്‍പ്രദേശ മുഴുവന്‍ ഭീകര അവസ്ഥയിലായിരുന്നു. മുലായത്തിന്റെ ഉത്തരവുമായി രാമഭക്തര്‍ക്ക് നേരെ യു.പി പോലീസ് നിര്‍ദാക്ഷിണ്യം വെടിവച്ചു. അമ്പതോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. കോത്താരി സഹോദരന്മാരായ ശരദ് കോത്താരിയും രാം കോത്താരിയും അവരിലുണ്ടായിരുന്നു.

ചെറുപ്പക്കാരായിരുന്നു ഇരുവരും. ഒരാള്‍ക്ക് 22, രണ്ടാമത്തെയാള്‍ക്ക് 20, അവിവാഹിതര്‍. ആ ധീരമായ ബലിദാനത്തെ രാജ്യം ഇന്നും ഓര്‍ക്കുന്നു. അവരുടെ സുഹൃത്ത് രാജേഷ് അഗര്‍വാളിന് ഇന്ന് 52 വയസ്സുണ്ട്. മൂന്നുപേരും അടുത്തകൂട്ടുകാരായിരുന്നു. കൊല്‍ക്കത്തിയിലെ ബാരാബസാറിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പൂര്‍വ പിതാക്കള്‍ രാജസ്ഥാനില്‍ നിന്നവര്‍. മാര്‍വാടി കുടുംബം.

അവര്‍ നിത്യേന സംഘ ശാഖയില്‍ പോകുമായിരുന്നു. അവിടത്തെ കളികളിലും കായിക പരിപാടികളിലും ചര്‍ച്ചകളിലുമൊക്കെ അവര്‍ സജീവമായി പങ്കെടുത്തിരുന്നു. തൊട്ടുമുമ്പിലത്തെ വര്‍ഷം നടന്ന ശിലാന്യാസ് മൂലം ഒരു അയോദ്ധ്യ തരംഗം തന്നെ എല്ലാവരുടെയും മനസ്സിലുയര്‍ന്നുവന്നിരുന്നു. 1528 ലാണ് ബാബറുടെ സേനാധിപന്‍ മിര്‍ബാക്കി അയോദ്ധ്യയിലെ രാമജന്മഭൂമിക്ഷേത്രം തകര്‍ത്ത് പള്ളിപണിയുന്നത്. ശിലാന്യാസത്തോടെ അയോദ്ധ്യയില്‍ ക്ഷേത്രം പണിയാന്‍ തങ്ങളും എന്തെങ്കിലും ചെയ്യണമെന്ന് വിചാരം എല്ലാവരിലുമുണ്ടായി.

അയോദ്ധ്യയിലേക്കുള്ള ഇഷ്ടിക എല്ലാവരും വാങ്ങി. ഒരു രൂപ 25 പൈസയായിരുന്നു വില. ശിലാപൂജയ്ക്ക് ശേഷം അത് അയോദ്ധ്യയിലേക്ക് കൊണ്ടുപോകും. എങ്ങും രാമഭക്തി അലയടിക്കുന്നു. എല്ലാവീട്ടുകാരും അയോദ്ധ്യ ക്ഷേത്രത്തിന് തങ്ങളുടെതായ സംഭാവന ചെയ്യാനൊരുങ്ങുന്നു.

അപ്പോഴാണ് വിശ്വ ഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ കാര്‍സേവ തുടങ്ങുന്നത്. 1990 ഒക്ടോബര്‍ 30നായിരുന്നു കര്‍സേവ നിശ്ചയിച്ചിരുന്നത്. സിഖ് പാരമ്പര്യത്തില്‍ നിന്നാണ് കാര്‍സേവ എന്ന വാക്ക് വന്നത്. ഭക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഭൗതികമായ ജോലി ചെയ്യുക എന്നതായിരുന്നു കാര്‍സേവ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ യു.പി. മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവ് ആകട്ടെ കാര്‍സേവ കര്‍ശനമായി തടയുമെന്ന് പ്രഖ്യാപിക്കുന്നു. കൊല്‍ക്കത്തിയലെ അവരുടെ ശാഖയില്‍ നിന്ന് 70 പേരാണ് കാര്‍സേവയില്‍ പോകാനായി തയ്യാറെടുത്ത് നില്‍ക്കുന്നത്. യു.പി സര്‍ക്കാര്‍ ട്രെയിനുകളൊക്കെ റദ്ദാക്കിക്കുന്നു. ബസ് സര്‍വീസും നിരോധിച്ചു. എല്ലായിടത്തും ബാരിക്കേഡുകള്‍ കെട്ടി. ഒക്ടോബര്‍ 22ന് കല്‍ക്കത്തയില്‍ നിന്ന് പുറപ്പെടാനായിരുന്നു അവരുടെ പരിപാടി.

കോത്താരി സഹോദരന്മാരുടെ ഏക സഹോദരി 19കാരി പൂര്‍ണിമയുടെ വിവാഹം ഡിസംബറിലേക്ക് നിശ്ചയിച്ചിരിക്കുകയാണ്. അവരെല്ലാം ദീവാലിയുടെ തിരക്കിലായിരുന്നു. പുതിയ വസ്ത്രങ്ങളെല്ലാംവാങ്ങി. എല്ലായിടത്തും മധുരപലഹാരങ്ങളും പഴങ്ങളും. പൂര്‍ണിമ ഓര്‍ക്കുന്നു. ദീവാലിക്ക് നാല് ദിവസത്തിന് ശേഷമാണ അവര്‍ അയോദ്ധ്യയിലേക്ക് പുറപ്പെടുന്നത്. അമ്മ ഇരുവരുടെയും കയ്യില്‍ മധുരപലഹാരമൊക്കെ ചെറിയ പാത്രത്തിലാക്കികൊടുത്തുവിട്ടു. യാത്രയ്ക്കിടയില്‍ അവര്‍ക്ക് കഴിക്കാമല്ലോ.

അയോദ്ധ്യയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് സന്തോഷമായിരുന്നു. അവര്‍ എതിര്‍ത്തില്ല. പകരം ഒരു നിബന്ധന വച്ചു. എല്ലാദിവസവും കത്തെഴുതണം. അന്ന് ലാന്‍ഡ് ഫോണുകള്‍ കുറവായിരുന്നു. 22ന് വൈകിട്ട് 7മണിക്കാണ് അവരുടെ ട്രെയിന്‍ പുറപ്പെടേണ്ടത്. വാരണാസിക്കടുത്തുള്ള യു.പിയിലെ മുഗള്‍സരായി സ്റ്റേഷനിലേക്കായിരുന്നു ട്രെയിന്‍. സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ ട്രെയിന്‍ കാന്‍സല്‍ ചെയ്തതായി അറിഞ്ഞു. ഇതു ഗൂഡാലോചനയാണെന്ന് അവര്‍ക്ക് മനസ്സിലായി. യാത്ര പൊളിക്കാനുള്ള പരിപാടിയാണ്. അവര്‍ സ്റ്റേഷനില്‍ തന്നെകുത്തിയിരുന്നു. അവരുടെ സംശയം ബലപ്പെടുത്തുമാറ് മുന്നറിയിപ്പൊന്നുമില്ലാതെ ട്രെയിന്‍ രാത്രി 10ന് പുറപ്പെട്ടു. അടുത്ത ദിവസം രാവിലെ അവര്‍ മുഗള്‍സരായിലെത്തി. അവിടെ വി.എച്ച്.പി വോളന്റിയര്‍മാര്‍ ഉണ്ടായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കും ഭക്ഷണത്തിനും ശേഷം അവര്‍ മിനി ബസില്‍ അയോദ്ധ്യയിലേക്ക് തിരിച്ചു. ദൂരം ഏതാണ്ട 250 കിലോ മീറ്റര്‍. എന്നാല്‍ പലയിടത്തും തടസ്സവും പരിശോധനയുമുള്ളതുകാരണം ബസ് വഴി മാറ്റിവിട്ടു. അന്ന് രാത്രി അവര്‍ റായബറേലിക്കടുത്ത ലാല്‍ഗഞ്ചിലെ ഒരു സ്‌കൂളിലാണ് താമസിച്ചത്. സംഘ പ്രവര്‍ത്തകര്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. അന്ന് രാത്രി ചിലര്‍ പുറത്തിറങ്ങിയിരുന്നു. അവരെ പൊലീസുകാര്‍ കണ്ടു. ചിലരെ പിടിച്ചു. അടുത്ത ദിവസം രാവിലെയായി. അയോദ്ധ്യയിലേക്കുള്ള വഴിയെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് അറിഞ്ഞു. നടന്നു മാത്രമേ അയോദ്ധ്യയിലേക്കെത്താന്‍കഴിയൂ.

പ്രധാന റോഡുകളൊന്നും ഉപയോഗിക്കാന്‍പാടില്ല. പാടത്തുകൂടെയും ഗ്രാമീണ റോഡുകളിലൂടെയും പോവണം. രണ്ടോ മൂന്നോ പേരുള്ള ചെറിയ ഗ്രൂപ്പുകളായി പോവണമെന്ന നിര്‍ദ്ദേശിക്കപ്പെട്ടു. ലഗേജുകളൊക്കെ സ്‌കൂളില്‍ തന്നെ വച്ച് ചെറിയ ബാഗുമായി അവര്‍ യാത്ര തുടര്‍ന്നു. എത്ര സമയം എടുക്കുമെന്നു ചോദിച്ചപ്പോള്‍ ഒരാഴ്ചയെടുക്കുമെന്നായിരുന്നു മറുപടി. പല ഗ്രാമങ്ങളും താണ്ടി. തങ്ങള്‍ കാര്‍സേവകരാണെന്ന് പറഞ്ഞപ്പോള്‍ ഗ്രാമീണര്‍ക്ക് അതിയായ സന്തോഷമായിരുന്നു. അവര്‍ തങ്ങള്‍ക്ക് താമസവും ഭക്ഷണവുമൊക്കെ ഒരുക്കിതന്നു. വഴികളിലുടെ അവര്‍ അനുഗമിച്ചു. അങ്ങനെ 30ന് രാവിലെ അവര്‍ അയോദ്ധ്യയിലെത്തി. രാമജന്മഭൂമിയിലേക്കുള്ള വഴി തിരക്കി ആ സഹോദരന്‍. എല്ലാവഴികളും ബാരിക്കേഡ് ചെയ്തിരുന്നു. പെട്ടെന്ന് വി.എച്ച്.പി. നേതാവ് അശോക് സിംഗാള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ കാണുന്നത് തലപൊട്ടി ചോരയൊലിക്കുന്ന സിംഗാളിനെയാണ്. കൂട്ടത്തില്‍ കുറച്ചു പോലീസുകാരുമുണ്ട്. പെട്ടെന്ന് ഒരു സന്യാസി പൊലീസ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില് കയറി. കാര്‍സേവരെയും കൂട്ടി. വാഹനം രാമജന്മഭൂമിക്കടുത്തെത്തി.

ഉടന്‍ തന്നെ ശരദ് കോത്താരി ഡൂമുകള്‍ക്ക് മുകളില്‍ പാഞ്ഞുകയറി. കാവി പതാക ഉയര്‍ത്തി. അതെ അതായിരുന്നു കാര്‍സേവ. ഞങ്ങള്‍ മുലായം സിംഗിന്‍െ തോല്പിച്ചു. തര്‍ക്ക സ്ഥലത്തെത്തി. അത് ഹിന്ദു ആരാധനാലയമാണെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. നവംബര്‍ രണ്ടിനാണ് കാര്‍ത്തിക മാസത്തിലെ പൂര്‍ണിമ. രാമജന്മഭൂമിയില്‍ അന്ന് രാമനാമം ചൊല്ലണം. എവിടെയാണ് തടയുന്നത് അവിടെയിരുന്നു രാമനാമം ചൊല്ലാനാണ് തീരുമാനം.
എന്നാല്‍ നവംബര്‍ രണ്ടിന് പോലീസ് രാമഭക്തര്‍ക്ക് നേരെ വെടിവച്ചു. രാമിനും ശരദിനും വെടിയേറ്റു. ഹനുമാന്‍ ക്ഷേത്രത്തിനടുത്ത തന്റെ വീട്ടിന്റെ ടെറസ്സിലിരുന്ന ഭജരംഗ് ഗുപ്തയ്ക്ക് ഇത് കാണാമായിരുന്നു. അവര്‍ വെറുത നടക്കുമ്പോഴാണ് പൊലിസ് വെടിവച്ച് തുടങ്ങിയത്. അയോദ്ധ്യയിലെ ഫോട്ടോഗ്രാഫരും പത്രപ്രവര്‍ത്തകനുമായ മഹേന്ദ്രത്രിപാഠിയാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അവിടെ ഒരു ഹെലികോപ്ടര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പോലീസുകാര്‍ നിഷ്‌കരുണം കാര്‍സേവകരെ വെടിവയ്ക്കുകയാണ്. പോലീസ് വണ്ടി വന്ന് മൃതദേഹങ്ങള്‍ അതിലെടുത്തിടുകയാണ്. സരയൂ നദിയിലാടാനാണ് പദ്ധതിയെന്ന് തോന്നുന്നവെന്ന് രാജേഷ് പറഞ്ഞു. വെടിയേറ്റ കൂട്ടത്തില്‍ ത്രിപാഠിയുമുണ്ടായിരുന്നു. ആദ്യം വിരണ്ടുപോയ ത്രിപാഠി മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു. എന്തോപറഞ്ഞു. അയാള്‍ മരിച്ചിട്ടില്ലായിരുന്നു.

നവംബര്‍ രണ്ടിന് അച്ഛന് ഹിരലാല്‍ കടയില്‍ നിന്നുവരാന്‍ പതിവിലും വൈകിയിരുന്നു. അദ്ദേഹം മൂകനായിരുന്നു. അത് ഭാര്യയും മകളും മനസ്സിലാക്കിയെന്നായാള്‍ക്ക് തോന്നി. ഭക്ഷണം കഴിക്കാനിരുന്നു. ഒരു ചപ്പാത്തിയെടുത്തു പിന്നെയൊന്നും വേണ്ടെന്ന് പറഞ്ഞു. ഒന്നും പറയാതെ മുറിയിലേക്ക് പോയി. അടുത്ത ദിവസം രാവിലെ അപ്രതീക്ഷിതമായി കുട്ടികളുടെ അമ്മാവന്‍ വീട്ടിലേക്ക് വരികയാണ്. പൂര്‍ണിമയും അമ്മ സാവിത്രിക്കും എന്തോ അസാധാരണത്വം തോന്നി. വൈകുന്നേരത്തോടെ വിവരം പുറത്തുവന്നു. കോത്താരി സഹോദര്‍ ഇനിതിരിച്ചുവരില്ല.

കൂട്ടുകാരന്‍ രാജേഷ് വെടിയൊച്ച കേട്ടിരുന്നു. പക്ഷേ വെടിവെപ്പ് കണ്ടില്ല. ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാമിനെയും ശരദിനെയുമാണ് കണ്ടത്. രാമിന് തലയ്ക്കാണ് വെടിയേറ്റത്.ശരദ് കമിഴ്ന്നു കിടക്കുകയായിരുന്നു. വിരിമാറില്‍ രണ്ട വെടിയുണ്ടകളാണ് ഏറ്റത്. ഉടന്‍ തന്നെ ധൈര്യം സംഭരിച്ച് രാജേഷ് മൃതദേഹം സരയൂവിലെറിയുന്നത് തടഞ്ഞു. നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ മാറ്റി. അടുത്ത ദിവസമാണ് സംസകരിച്ചത്.

മരിക്കുന്നതിന് രാവിലെ മൂന്നുപേരും ഒരുമിച്ചാണ് സരയൂ നദിയില്‍ കുളിച്ചത്. തര്‍ക്ക മന്ദിരത്തിലേക്കുള്ള വഴിയില്‍ കാവി ബാന്‍ഡ് ഇട്ട ഒരു വോളന്റിയറെ അവര്‍ കണ്ടു. രണ്ടു സഹോദരരും ബാന്‍ഡ് വാങ്ങി അതില്‍ കഫാന്‍ (മൃതദേഹത്തില്‍ പൊതിയുന്ന തുണി) എന്ന് അവര്‍ പേന കൊണ്ട് എഴുതിവച്ചു. ഇക്കാര്യം ഞാനിതുവരെ ആരോടും, കോത്താരി കുടുംബത്തോടു പോലും പറഞ്ഞില്ലെന്ന് രാജേഷ് പറയുന്നു. രാമജന്മഭൂമിക്ക് വേണ്ടി മരിക്കാന്‍പോലും തയ്യാറായിട്ടാണ് കോത്താരി സഹോദരര്‍ തയ്യാറായിരുന്നു എന്നാണത് സൂചിപ്പിക്കുന്നത്.

അയോദ്ധ്യയില്‍ തിരിച്ചുവന്ന രാജേഷ് പിന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ടെകസ്റ്റയില്‍ ബിസിനസ്സിലേക്ക് കടന്നു. ഇപ്പോഴദ്ദേഹം കൊല്‍ക്കത്ത എയര്‍പോര്‍ട്ടിനടുത്താണ് താമസിക്കുന്നത്. ഒരിക്കലും രാമിനെയും ശരദിനെയും പോലുള്ള സ്‌നേഹിതരെ എനിക്ക് ലഭിക്കില്ലെന്ന് രാജേഷ് പറയുന്നു.

ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന സഹോദരി പൂര്‍ണിമ അത് വേണ്ടെന്നു വച്ചു. അയോദ്ധ്യയില്‍ രാമക്ഷേത്രം വരുന്നതുവരെ താന്‍ വിവാഹം കഴിക്കില്ലെന്നായിരുന്നു പൂര്‍ണിമയുടെ വാശി.

രണ്ടുവര്‍ഷത്തിന് ശേഷം തര്‍ക്ക മന്ദിരത്തില്‍ താത്കാലി ക്ഷേത്രം വന്നതോടെ വി.എച്ച.പി പ്രവര്‍ത്തകര്‍ മുന്‍ കൈ എടുത്ത് പൂര്‍ണിമയെ ബോദ്ധ്യപ്പെടുത്തി. വിവാഹിതയാവാന്‍ നിര്‍ബന്ധിച്ചു. ആചാര്യ ധര്‍മ്മേന്ദ്ര ശാസ്ത്രിയൊക്കെ കുടുംബത്തിന്‍ ധാര്‍മ്മിക പിന്തുണ നല്‍കി. കോത്താരി കുടുംബത്തിലേക്ക് ആ സമയത്ത് നിരവധി സന്ദര്‍ശകരെത്തിയിരുന്നു. അതോടൊപ്പം 5 കത്തുകളും എത്തിയിരുന്നു. മരണത്തിന് മുമ്പ് പല ദിവസങ്ങളിലായി കോത്താരി സഹോദരങ്ങള്‍ എഴുതിയ കത്തുകളായിരുന്നു അത്. ഞങ്ങള്‍ മുന്നോട്ട് നീങ്ങുകയാണെന്നും സ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും സുരക്ഷിതരാണെന്നും അതിലെഴുതിയിരുന്നു. അയോദ്ധ്യയിലേക്ക് പോകുമ്പോള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചാണ് രാമും ശരദും കത്തുകളെഴുതിയിരുന്നത്. 2002ലും 2016ലുമായി മാതാപിതാക്കള്‍ മരിച്ചു. 2032ല്‍ പാട്ടക്കാലാവധി കഴിയുന്ന വീട്ടില്‍ വാടകയ്ക്ക് കഴിയുകായണ് പൂര്‍ണിമയും മകളും. സര്‍ക്കാരും സന്നദ്ധ സംഘടനകളുമൊക്കെ സഹായ വാഗ്ദാനം നല്‍കിയിട്ടും അവരത് നിഷേധിക്കുകയായിരുന്നു. 2020ല്‍ അവര്‍ അയോദ്ധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുത്തിരുന്നു. 1991 മുതല്‍ അവര്‍ അയോദ്ധ്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ മാതാപിതാക്കളുടെ കൂടെ അയോദ്ധ്യ സന്ദര്‍ശിചപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. എന്താണ് കരയുന്നതെന്ന സുരക്ഷാ ഉദ്യേഗസ്ഥര്‍ ചോദിച്ചു. അപ്പോഴാണവര്‍ പറയുന്നത് കോത്താരി സഹോദരരുടെ അമ്മയാണെന്ന്. അതോടെ സെക്യൂരിറ്റി ഉദ്യോഗ്‌സഥര്‍ ആ അമ്മയുടെ കാലില്‍ തൊട്ട് വണങ്ങി.

രാമക്ഷേത്ര നിര്‍മ്മാണം നടക്കുന്ന പന്തലില്‍ കോത്താരി സഹോദരരുടെ ചിത്രം ഉണ്ടായിരുന്നു. അയോദ്ധ്യയിലെ മുന്നേറ്റത്തിനായി ബലിദാനികളായ കോത്താരി സഹോദരന്‍ എന്നും എഴുതി വച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.