‘കെട്ടിച്ചമച്ച കേസ്, അറസ്റ്റിന് നീക്കം,ഗുജറാത്തിലെ എഎപി പ്രചാരണം തടയാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗം’ : സിസോദിയ

1 min read

ന്യൂ ഡല്‍ഹി : മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, ബിജെപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി പ്രചാരണം മുന്നില്‍ കണ്ടാണ് നീക്കം നടത്തുന്നതെന്നും സിസോദിയ ആരോപിച്ചു. വരുന്ന ദിവസങ്ങളില്‍ താന്‍ ഗുജറാത്തില്‍ പ്രചാരണത്തിന് പോകാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. എന്റെ അറസ്റ്റിലൂടെയോ ജയില്‍ വാസത്തിലൂടെയോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ കഴിയില്ല. മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികള്‍ക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.

സിബിഐ രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. കേസിലെ ചോദ്യംചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകാനാവശ്യപ്പെട്ടാണ് സിബിഐ സിസോദിയക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിബിഐ ആസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് സിസോദിയാ രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തും. അദ്ദേഹത്തിന്റെ വീടും ഓഫീസും ബാങ്ക് ലോക്കറും സിബിഐ കഴിഞ്ഞ ദിവസങ്ങളിലടക്കം പരിശോധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ രൂപീകരണത്തില്‍ വിജയ് നായരും പങ്കാളിയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.