ബലാത്സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവില്‍ തന്നെ, കടുത്ത നടപടിക്ക് കെപിസിസി
1 min readകൊച്ചി : ബലാത്സംഗ കേസില്‍ പ്രതിയായി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെ എന്ന് വിവരമില്ല. വരുന്ന വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നതിനാല്‍ അത് വരെ മാറി നില്‍ക്കാനാണ് എംഎല്‍എയുടെ തീരുമാനമെന്നാണ് വിവരം. കെപിസിസി നേതൃത്വത്തിന് നല്‍കേണ്ട വിശദീകരണം എംഎല്‍എ സമയബന്ധിതമായി നല്‍കുമെന്നാണ് എംഎല്‍എ യുമായി അടുപ്പമുള്ളവര്‍ അറിയിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎല്‍എ തേടുന്നുണ്ട്
എംഎല്‍എക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കെപിസിസി. ആരോപണ വിധേയനായ എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ ഒക്ടോബര്‍ 20നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കി. ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.