അട്ടപ്പാടി മധു കൊലക്കേസ്: സാക്ഷി പ്രതിയാകുമോ?

1 min read

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ ഇരുപത്തിയാമ്പതാം സാക്ഷി സുനില്‍കുമാറിന്റെ നേത്ര പരിശോധനാ ഫലം ഇന്ന് കോടതിയില്‍ ഹാജരാക്കും. വിസ്താരം കഴിഞ്ഞെങ്കിലും സുനിലിനോട് ഇന്നും ഹാജരാകണമെന്ന് മണ്ണാര്‍ക്കാട് എസ്!സി എസ്!ടി കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വിചാരണയ്ക്കിടെ, മധുവും സുനിലും പ്രതികളും ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് സുനില്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ കോടതി സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാന്‍ ഉത്തരവിട്ടത്. കാഴ്ചപരിമിതി ഇല്ലാത്തയാളാണ് സുനില്‍കുമാര്‍ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതിക്ക് കൈമാറും. വീണ്ടും സുനിലിനെ വിസ്തരിക്കുമോ, അതോ കോടതിയെ കബളിപ്പിച്ചതിന് കേസ് എടുക്കാന്‍ നിര്‍ദേശിക്കുമോ എന്നതാണ് ആകാംക്ഷ. അതേസമയം കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. 32 മുതല്‍ 35 വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കും. മുപ്പത്തി രണ്ടാം സാക്ഷി മനാഫ്, മുപ്പത്തിമൂന്നാം സാക്ഷി രഞ്ജിത്ത്, മുപ്പത്തിനാലാം സാക്ഷി മണികണ്ഠന്‍, മുപ്പത്തിയഞ്ചാം സാക്ഷി അനൂപ് എന്നിവരുടെ വിസ്താരമാണ് നിശ്ചയിച്ചിരിക്കുന്നത്. കേസില്‍ ഇതുവരെ 16 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. 31 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്. കേസിലാകെ 122 സാക്ഷികളാണുള്ളത്.

മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്നതും കള്ളന്‍ എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടുവെന്നായിരുന്നു സുനില്‍കുമാര്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി കോടതിയില്‍ സുനില്‍ തിരുത്തി. ഇതോടെ, പ്രോസിക്യൂഷന്‍ ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുമതി നല്‍കുകയും ചെയ്തു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. സാക്ഷിയായ സുനില്‍ കുമാര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പാലക്കാട് ആശുപത്രിയില്‍ വെച്ച് പരിശോധന നടന്നത്. അതിനിടെ കോടതിയില്‍ മൊഴിമാറ്റിയതിന് പിന്നാലെ വനംവാച്ചറായ സുനില്‍ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു.

Related posts:

Leave a Reply

Your email address will not be published.