നീലച്ചിത്രം മുതല്‍ നരബലി വരെ; സംഭവിച്ചത് ഇങ്ങനെ
1 min readതിരുവല്ല: നാട്ടുകാര്‍ക്ക് തിരുമ്മല്‍ ചികിത്സകന്, പുരോഗമനവാദി, ഫെയ്സ്ബുക്കില്‍ ഹെക്കു കവി, സിപിഎം പ്രവര്ത്തകന്… അങ്ങിനെ നീളുന്നു ഭഗവല്‍ സിംഗിന്റെ വിശേഷണങ്ങള്‍. ആദ്യ ഭാര്യ വേര്‍പിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയില്‍ അയല്‍വാസികള്‍ക്ക് ഒരു പരാതിയുമില്ലാത്ത ജീവിതം. പഞ്ചായത്ത് നിര്‍മ്മിച്ചു നല്കിയ കെട്ടിടത്തിലെ തിരുമ്മല്‍ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാര്‍ഗ്ഗം. കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകള്‍ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാര്‍ അമ്പരന്നിരിക്കുകയാണ്.
നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കില്‍ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടില്‍ നിന്ന് ആദ്യം സൗഹൃദാഭ്യര്‍ത്ഥന വരുന്നു. നിരന്തര ചാറ്റുകളിലൂടെ ആ സൗഹൃദം ശക്തമാകുന്നു. എന്നാല്‍ ഈ ശ്രീദേവി യഥാര്‍ത്ഥത്തില്‍ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദായിരുന്നു. ശ്രീദേവിയാണ് വൈദ്യനോട് പെരുമ്പാവൂര്‍ സ്വദേശിയായ മന്ത്രവാദിയെ പ്രീതിപ്പെടുത്തിയാല്‍ സമ്പത്തും ഐശ്വര്യവും നേടാമെന്ന് വിശ്വസിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ശ്രീദേവിയെന്ന് ചമഞ്ഞ് റഷീദ്, തന്നെ പ്രീതിപ്പെടുത്താന്‍ വൈദ്യന് ഭഗവത് സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു.
ശ്രീദേവിയെന്ന അക്കൗണ്ട് നല്കിയ മൊബൈല്‍ നമ്പര്‍ വഴിയാണ് വൈദ്യനും ഭാര്യയും റഷീദിനെ ബന്ധപ്പെടുന്നത്. ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ആദ്യം വൈദ്യന് ഭഗവത് സിംഗിന്റെ ഭാര്യ ലൈലയെ ഇയാള്‍ പീഡിപ്പിച്ചു. ഐശ്വര്യം വരാനെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് നരബലി നടത്തിയാല്‍ പൂജ പൂര്‍ണ്ണമാകുമെന്ന് വിശ്വസിപ്പിച്ചു. ഇതിനായി തനിക്ക് നേരിട്ട് പരിചയമുള്ള റോസ്ലിയെ റഷീദ് തിരുവല്ലയിലേക്ക് എത്തിച്ചു.
നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു റോസ്ലിക്ക് നല്കിയ വാഗ്ദാനം. ലോട്ടറി വില്‍പ്പനക്കാരിയായ റോസ്ലി ഇത് വിശ്വസിച്ചു. തിരുവല്ലയിലെത്തിയ റോസ്ലിയെ സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലില്‍ കിടത്തി. ഭഗവത് സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീട് ലൈലയാണ് റോസ്ലിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയ ശേഷം ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും ഒരിക്കല്‍ കൂടി നരബലി നടത്തണമെന്നും റഷീദ് വിശ്വസിപ്പിച്ചു.
ഇങ്ങിനെയാണ് കൊലയാളികള്‍ പത്മയിലേക്ക് എത്തുന്നത്. നീലച്ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞാണ് പത്മയെയും തിരുവല്ലയിലെത്തിച്ചത്. പിന്നെല്ലാം റോസ്ലി നേരിട്ടതിന് സമാനമായ ക്രൂരത. കഴുത്തില്‍ കത്തിയിറക്കുകയും ഒരു രാത്രി മുഴുവന്‍ പത്മയുടെയും റോസ്ലിയുടെയും രഹസ്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവന്‍ തളിച്ചായിരുന്നു പൂജകള്‍. രാത്രി മുഴുവന്‍ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പില്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
റോസ്ലിയെ കാണാതായത് ജൂണ്‍ ആറിനാണ്. ഓഗസ്റ്റ് 17നാണ് മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. പത്മയെ സെപ്തംബര്‍ 26 ന് കാണാതായി. പിന്നാലെ സഹോദരി പരാതി നല്കി. പത്മയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം റഷീദിലേക്ക് എത്തിച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പിന്നാലെ മറ്റ് രണ്ട് പ്രതികള്‍ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടു. ദമ്പതികളില്‍ നിന്ന് പൂജകളുടെ പേരില്‍ റഷീദ് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു.