തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിര്‍ത്തൂ: മൃദുല മുരളി
1 min readതെരുവ് നായ അക്രമണം രൂക്ഷമായതോടെ പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തുകയാണ് നടി മൃദുല മുരളി. നായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം അവയെ പാര്‍പ്പിച്ചു പരിപാലിക്കുന്നതിന് ആവശ്യമായ കൂടുതല്‍ ഷെല്‍റ്ററുകള്‍ നിര്‍മിക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് മൃദുല പറയുന്നു. പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരുണ്ട്. അതിനുള്ള പരിഹാരം മുഴുവന്‍ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുകയാണോ എന്നും താരം ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു മൃദുല മുരളി തന്റെ നിലപാട് തുറന്നു പറഞ്ഞത്.
നിരവധി ആളുകളാണ് മൃദുലയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തുവരുന്നത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് തക്ക മറുപടിയും നടി നല്‍കുന്നുണ്ട്. മൃഗ സ്നേഹികള്‍ ഇറങ്ങി എന്ന കമന്റിന് ‘ഇറങ്ങണോല്ലോ…ആ പാവങ്ങള്‍ക്ക് അതിന് പറ്റൂല്ലല്ലോ’ എന്നായിരുന്നു മൃദുലയുടെ മറുപടി.
ചേച്ചി റോഡില്‍ ഇറങ്ങി നായ് കടിച്ചു പേ പിടിച്ചാല്‍ പോലും ആരും തിരിഞ്ഞു നോക്കില്ല എന്ന കമന്റിനും മൃദുല മറുപടി പറഞ്ഞു: ”എനിക്ക് കടി കിട്ടി പേ പിടിച്ചാല്‍ തിരിഞ്ഞു നോക്കാന്‍ ആളുകള്‍ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് നിങ്ങള്‍ ആരാണ് തീരുമാനിക്കാന്‍? നായ്ക്കളെ കൊല്ലുക എന്നതല്ല ഇതിന് പരിഹാരം എന്നത് മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്.”നായ്ക്കളെ കൊല്ലുന്നതു നിര്‍ത്തി, അവറ്റകളെ പാര്‍പ്പിച്ചു പരിപാലിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തി കൂടുതല്‍ ഷെല്‍റ്ററുകള്‍ നിര്‍മിക്കുന്നതിനു വേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്ന് മൃദുല പറയുന്നു.