തെരുവുനായ്ക്കളെ കൊന്നൊടുക്കുകയല്ല വേണ്ടതെന്ന് കോഴിക്കോട് മേയര്‍
1 min readഅതേസമയം തെരുവുനായ്ക്കളെ കൊന്നൊടുക്കുകയല്ല വേണ്ടതെന്ന് കോഴിക്കോട് മേയര്‍ പ്രതികരിച്ചു . വേണ്ടത് മനുഷ്യത്വപരമായ സമീപനം. സ്‌നേഹത്തോടെ ഭക്ഷണം നല്‍കുന്ന രീതിയിലേക്ക് എല്ലാവരും മാറണം . മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണം . നായ്ക്കളെ കല്ലെറിഞ്ഞോടിക്കരുതെന്നും മേയര്‍ ഡോ. ബീന ഫിലിപ്പ് പറയുന്നു. ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കണം
ആക്രമണകാരികളായ നായ്ക്കളെ മാത്രം തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാം . ഇവയെ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിക്കണം . വന്ധ്യംകരണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കം നൂതന മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുമെന്നും മേയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് പഞ്ചായത്ത്
കോട്ടയം മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃഗസ്‌നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായകള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ പരിഹസിച്ചു. മേഖലയില്‍ നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. പന്ത്രണ്ട് നായകളെ മുളക്കുളത്ത് വിഷം കൊടുത്ത് കൊന്നെന്നാണ് സംശയം
മലപ്പുറത്ത് തെരുവുനായ ശല്യം രൂക്ഷം
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കകത്തേക്കും തെരുവുനായ കടന്നുകയറി.നായകള്‍ ആക്രമിച്ചതും നക്കിയതും മറ്റും കാരണം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ടായിരത്തോളം പേര്‍ക്കാണ് കുത്തിവയ്പ് എടുക്കേണ്ടിവന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.രണ്ടുമാസം മുമ്പ് നിലമ്പൂരില്‍ പതിനെട്ടു പേരെ കടിച്ചു പരിക്കേല്‍പ്പിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. എബിസി അടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യക്കുറവ് നേരിടുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
തെരുവ് നായ പേടിയില്‍ ഇടുക്കിയിലെ കമ്പംമെട്ട് ഗ്രാമം
കഴിഞ്ഞ ദിവസം കമ്പംമെട്ടിലെത്തിയ പേപ്പട്ടി ഒരു ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള പശുക്കളെയടക്കം നിരവധി വളര്‍ത്ത് മൃഗങ്ങളെ കടിച്ച് പരിക്കേല്‍പ്പിച്ചു. പട്ടിയുടെ ആക്രമണം തടയാന്‍ ശ്രമിച്ചവരിലൊരാള്‍ക്കും പരിക്കേറ്റു.
ശനിയാഴ്ച രാവിലെയാണ് കമ്പംമെട്ടില്‍ പേപ്പട്ടി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചത്. കമ്പെമെട്ട് സ്വദേശികളായ തോമസ് മാത്യൂ, ആന്‍സി ഷാജി, ബേബി എന്നിവരുടെ പശുക്കളെയാണ് പേപ്പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചത്. ടോംസിന്റെ ആടും മാത്യുവിന്റ പോത്തിനും കടിയേറ്റിട്ടുണ്ട്. കൂട്ടിനുള്ളില്‍ നില്‍ക്കുമ്പോഴാണ് ഇവക്കെല്ലാം കടിയേറ്റത്. രണ്ടു പട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പേപ്പട്ടിയെ കണ്ടെത്താനായില്ല. കടിയേറ്റ മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയപ്പ് നല്കി. നാല്‍പ്പത് ദിവസ്സം നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. മിക്കവയുടെയും മുഖത്താണ് കടയേറ്റിരിക്കുന്നത്. അതിനാല്‍ പേവിഷ ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തയതായിരിക്കും പേപ്പട്ടിയെന്നാണ് സംശയിക്കുന്നത്. രാത്രിയും പകലും കമ്പംമെട്ടില്‍ അലഞ്ഞു തിരഞ്ഞു നടക്കുന്ന പട്ടികള്‍ക്കും കടിയേറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതിനാല്‍ ആളുകള്‍ ആശങ്കയിലാണ്.
കൊച്ചിയിലെ തെരുവ് നായകളെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശവുമായി ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ്
ക്രൗഡ് ഫണ്ടിംഗിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമം. ഇതിനുള്ള സഹകരണം ആവശ്യപ്പെട്ട് ബെറ്റര്‍ കൊച്ചി ടീം സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും സമീപിച്ചു.
കൊച്ചയില്‍ ബോള്‍ഗാട്ടിയ്ക്കും വെല്ലിഗ്ടണ്‍ ദ്വീപിനും ഇടയില്‍ ദീപു സാഗര്‍, ഡയമണ്ട് തുടങ്ങി ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളുണ്ട്. ഇവിടേയ്ക്ക് തെരുവ് നായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ആവശ്യം. അതിന് മുന്പ് ദ്വീപുകളില്‍ നായ്ക്കള്‍ക്ക് ജീവിക്കാനാവശ്യമായ സൗഹചര്യം ഒരുക്കും.
കൊച്ചിന്‍ പോര്‍ട്ട് ട്രെസ്റ്റിന്റെ കൈവശമാണ് ഭൂരിപക്ഷം ദ്വീപുകളും. സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടലുണ്ടായാലേ പദ്ധതി മുന്നോട്ട് നീങ്ങൂ. ഇക്കാര്യം ആവശ്യപ്പെട്ട് സാമൂഹിക സേവന സംഘടനയായ ബെറ്റര്‍ കൊച്ചി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. 10 മുതല്‍ 12 വര്‍ഷം വരെയാണ് തെരുവ് നായ്ക്കളുടെ ആയുസ്. അതുകൊണ്ട് തന്നെ പരമാവധി 15 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ബെറ്റര്‍ കൊച്ചി.