‘നിങ്ങൾ ടിവി കാണുന്നുണ്ടോ?. എന്താണ് അവിടെ നടക്കുന്നത്?’;മോദിയുടെ രീതികളെക്കുറിച്ച് എസ്. ജയ്ശങ്കർ
1 min readന്യൂയോർക്ക്: പ്രധാന ജോലികള്‍ ഉള്ളപ്പോള്‍ പ്രധാനമന്ത്രി ഉറങ്ങാറില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ‘മോദി @ 20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെക്കുറിച്ച് കൊളംബിയ സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ഘട്ടത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി രാജ്യം മുന്നോട്ടുപോകുന്ന ദിവസങ്ങളിൽ ഉറക്കംപോലുമില്ലാതെ പ്രധാനമന്ത്രി ജോലി ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോദി കർമനിരതനാണെന്നു പറഞ്ഞ ജയ്ശങ്കർ, മുൻപ് അഫ്ഗാനിലെ ഇന്ത്യൻ എംബസിക്കുനേരെ ആക്രമണശ്രമം ഉണ്ടായപ്പോഴുള്ള സംഭവവും ഓർമിച്ചു. ‘‘ആക്രമണ വിവരം ഡൽഹിയിൽ അറിഞ്ഞപ്പോൾത്തന്നെ എല്ലാവരും കർമനിരതരായി. എവിടെനിന്നൊക്കെ സഹായം തേടി നമ്മുടെ ആളുകളെ രക്ഷപ്പെടുത്താമെന്നായിരുന്നു ചിന്ത. സമയം രാത്രി 12.30 കഴിഞ്ഞിരുന്നു. പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. പ്രധാനമന്ത്രി വിളിക്കുമ്പോൾ കോളർ ഐഡിയിൽ കാണിക്കില്ല. ഫോൺ എടുത്തയുടനെ, അപ്പുറത്തുനിന്നൊരു ചോദ്യം – ‘നിങ്ങൾ ഉണർന്നിരിക്കുകയാണോ?’. ‘അതേ സർ’ എന്നു മറുപടി പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു, ‘നിങ്ങൾ ടിവി കാണുന്നുണ്ടോ?. എന്താണ് അവിടെ നടക്കുന്നത്?’.
‘സർ, ആക്രമണം നടക്കുകയാണ്. എംബസിയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. രണ്ടു മൂന്നുമണിക്കൂറിനുള്ളിൽ സാഹചര്യം പഴയതുപോലെയാകുമെന്നാണു പ്രതീക്ഷ’ എന്നു മറുപടി നൽകി. എല്ലാം കഴിയുമ്പോൾ എന്നെ വിളിക്കണമെന്നു നിർബന്ധമായും പറഞ്ഞാണ് പ്രധാനമന്ത്രി ഫോൺ വച്ചത്.’’- ജയ്ശങ്കർ പറയുന്നതിന്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.