ഹര്‍ത്താല്‍ നിയമവിരുദ്ധം; പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുത്ത് ഹൈക്കോടതി

1 min read

കൊച്ചി: ഹൈക്കോടതിയുടെ മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി. അക്രമവും നാശനഷ്ടങ്ങളും ഉണ്ടാകാതിരിക്കാൻ പൊലീസ് നടപടിയെടുക്കണം. 7 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്നുള്ള മുൻ ഉത്തരവു പാലിക്കാതെയുള്ള ഹർത്താൽ നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ‌‌

ഹർത്താൽ അനുകൂലികൾ അക്രമത്തിനു മുതിരുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുകയും അത്തരം സംഭവങ്ങളുടെയും നാശനഷ്ടങ്ങളുടയും വിവരം ഉൾപ്പെടുത്തി റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നു കോടതി നിർദേശിച്ചു. കേരളത്തിൽ നടക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ്. ഹർത്താൽ കോടതി നിരോധിച്ചതാണ്, എന്നിട്ടും നടത്തിയെന്നും കോടതി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അതിക്രമമാണ് നടന്നത്.

കണ്ണൂരിൽ പാപ്പിനിശ്ശേരി മാങ്കടവ്ചാലിൽ പൊലീസിനു നേരെ ഹർത്താൽ അനുകൂലികൾ മണ്ണെണ്ണക്കുപ്പിയെറിഞ്ഞു. വിവിധ സ്ഥലങ്ങളിൽ ടയർ കത്തിച്ച് ഗതാഗത തടസമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. കണ്ണൂരില്‍ ഓട്ടോറിക്ഷയും കാറും അടക്കമുള്ള വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. ലോറികള്‍ക്കു നേരെയും അക്രമമുണ്ടായി. കോട്ടയത്ത് കുറിച്ചിയിൽ ഹോട്ടലിന് നേരേ കല്ലേറ്. എംസി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്.ഹോട്ടലിന്റെ മുൻപിലെ ഗ്ലാസുകൾ തകർന്നു.

Related posts:

Leave a Reply

Your email address will not be published.