യുപി പിടിച്ചടക്കാന്‍ ബിജെപി പദ്ധതി; സോണിയയുടെ മണ്ഡലം റായ്ബറേലിയും പിടിക്കും
1 min readന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി പിടിച്ചടക്കാന്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നു. 80 മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 80 ഉം പിടിക്കാനാണ് പദ്ധതി. ഇതില്‍ കോണ്‍ഗ്രസിന്റെ ഏക മണ്ഡലമായ സോണിയ ഗാന്ധി വിജയിച്ച റായ്ബറേലിയും ഉള്‍പ്പെടുന്നു. 2014ല്‍ 73 മണ്ഡലങ്ങളില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് രാജ്യത്തിന്റെ ഭരണം പിടിക്കാനായി. 2019ല്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും പ്രതിപക്ഷത്തിന് വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതെ പോയത് ബിജെപിക്ക് ആശ്വാസമാവുകയും ചെയ്തു. ഇനി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. 80 സീറ്റും പിടിക്കാനാണ് ബിജെപി തീരുമാനം.
2019ല്‍ ബിജെപിക്ക് 16 സീറ്റാണ് യുപിയില്‍ നഷ്ടമായത്. ഈ മണ്ഡലങ്ങളില്‍ അന്ന് മുതല്‍ തന്നെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു. സോണിയ ഗാന്ധിയുടെ റായ്ബറേലി, സമാജ്‌വാദി പാര്‍ട്ടിയുടെ കോട്ടയായ മെയിന്‍പുരി എന്നീ മണ്ഡലങ്ങളെല്ലാം ഇതില്‍പ്പെടും. കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന രാഹുല്‍ ഗാന്ധിയുടെ അമേഠി മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് ചരിത്ര സംഭവമായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടിയാണെങ്കിലും മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പി ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് യുപിയില്‍ പ്രധാന ചര്‍ച്ചയാണ്. കോണ്‍ഗ്രസും എസ്പിയും ആര്‍എല്‍ഡിയുമെല്ലാം ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്ന വേളയില്‍ ബിഎസ്പി നിലപാട് പ്രവചിക്കാന്‍ സാധ്യമല്ല. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയാണ് യുപിയില്‍ ബിജെപിക്ക് വെല്ലുവിളി. അഖിലേഷും അമ്മാവന്‍ ശിവപാല്‍ യാദവും ഉടക്കിലാണ്. ഇവര്‍ ഐക്യപ്പെടുമെന്ന ചില സൂചനകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല.
ശിവപാലിന് പിന്നില്‍ ബിജെപിയാണ് എന്ന വിമര്‍ശനമുണ്ട്. 2019ല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് 16 സീറ്റുകളില്‍ ജയിക്കാന്‍ സാധിച്ചിരുന്നില്ല. 64 സീറ്റാണ് അന്ന് ലഭിച്ചത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പിയുടെ തട്ടകമായ അസംഗഡിലും രാംപൂരിലും ബിജെപി മികച്ച വിജയം നേടിയത് പ്രതിപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇനി 14 സീറ്റുകളിലാണ് ബിജെപിയുടെ ശ്രദ്ധ.
റായ്ബറേലിയും മെയിന്‍പുരിയും പിടിക്കാനാകുമെന്ന് ബിജെപി വിശ്വസിക്കുന്നു. യുപിയില്‍ വിജയം ഉറപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ പതിവായി സംസ്ഥാനം സന്ദര്‍ശിക്കുകയും ഓരോ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്.
മെയിന്‍പുരി മണ്ഡലം ഏറെ കാലമായി മുലായം സിങ് യാദവ് ജയിക്കുന്ന എസ്പിയുടെ കോട്ടയാണ്. ഇവിടെ ബിജെപിക്ക് വേഗത്തില്‍ ജയിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ശിവപാല്‍ യാദവിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്പിയുടെ വോട്ട് ബാങ്ക് മുസ്ലിങ്ങളും യാദവരുമാണ്. ഈ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ രഹസ്യനീക്കങ്ങള്‍ നടന്നുവെന്ന് അഖിലേഷ് ആരോപിക്കുന്നു. ഇങ്ങനെ ചെയ്തതുകൊണ്ടാണ് അസംഗഡിലും രാംപൂരിലും ബിജെപി ജയിച്ചതെന്നും അഖിലേഷ് ആരോപിക്കുന്നു.