വിവാഹത്തിനു ക്ഷണിച്ചില്ല; വിരോധം തീര്‍ക്കാന്‍ വീട് കയറി ആക്രമണം; 2 പേര്‍ പിടിയില്‍
1 min read
ഉടുമ്പൻചോല: വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ പേരില്‍ വീടു കയറി ആക്രമണം നടത്തിയ 2 പേർ അറസ്റ്റിൽ. വ്യാഴം പുലർച്ചെ ഒന്നിനാണ് ആക്രമണം നടന്നത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീട്ടിൽ അതിക്രമിച്ചു കയറി സേനന്റെ ഭാര്യ ലീലയെയും മകൻ അഖിലിനെയും ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ കൈലാസം മുളകുപാറയിൽ മുരുകേശൻ (32), വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം.
ഈ വിവാഹത്തിനു മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ലെന്ന കാരണത്താലാണ് അർധരാത്രിയിൽ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ കാരണം ചോദിച്ചെത്തിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചു തകർത്തു. സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്.
അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല തടസ്സം പിടിക്കാനെത്തി. ഇതോടെ ലീലയ്ക്കും മർദനമേറ്റു. ലീലയെയും അഖിലിനെയും സമീപവാസികളാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രതികളെ നാട്ടുകാർ തടഞ്ഞുവച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.