കുനോയിലെ ചീറ്റകള്‍ക്ക് വേണ്ടി രണ്ട് ആനകള്‍; കടുവകളെയും പുള്ളിപ്പുലികളെയും തുരത്തും
1 min readഭോപ്പാല്‍: നമീബിയയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് സംരക്ഷണത്തിനു ആനകളെ ഏര്‍പ്പെടുത്തി. ലക്ഷ്മിയെന്നും സിദ്ധ്നാഥ് എന്നും പേരുള്ള രണ്ട് ആനകളാണ് തല്‍ക്കാലത്തേക്ക് ചീറ്റപ്പുലി സംഘത്തിന്റെ ബോഡിഗാര്‍ഡുകളായി പ്രവര്‍ത്തിക്കുക. കടുവകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികള്‍ ചീറ്റകളുടെ അടുത്തേക്ക് വരാതെ നോക്കുകയാണ് ലക്ഷ്മിയുടെയും സിദ്ധ് നാഥിന്റെയും ചുമതല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17-നാണ് എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടത്. നര്‍മദാപുരത്തെ സത്പുര കടുവാ സംരക്ഷണ കേന്ദ്രത്തില്‍നിന്നാണ് ലക്ഷ്മിയെയും സിദ്ധ്നാഥിനെയും കുനോയില്‍ എത്തിച്ചിരിക്കുന്നത്. വന്യമൃഗങ്ങളെ തുരത്തുന്നതില്‍ പ്രാവീണ്യമുള്ള ഇരുവരും കഴിഞ്ഞമാസം മുതല്ക്കേ ഇവിടെയുണ്ട്. ചീറ്റകള്‍ എത്തുന്നതിന് മുന്‍പേ, കുനോയില്‍ അവര്‍ക്കായി തയ്യാറാക്കിയ പ്രത്യേക മേഖലകളില്‍ ചില പുള്ളിപ്പുലികള്‍ കടന്നുകയറിയിരുന്നു. അവയെ തുരത്തിയോടിച്ചത് സിദ്ധ്നാഥും ലക്ഷ്മിയും ചേര്‍ന്നായിരുന്നു. കടന്നുകയറിയ അഞ്ച് പുള്ളിപ്പുലികളില്‍ നാലെണ്ണത്തിനെയാണ് ഇവര്‍ തുരത്തിയത്.
ദേശീയോദ്യാനത്തിലെ സുരക്ഷാസംഘങ്ങള്‍ രാത്രിയും പകലും നടത്തുന്ന പട്രോളിങ്ങില്‍ ലക്ഷ്മിയും സിദ്ധ്നാഥും പങ്കാളികളാണ്. ചീറ്റകള്‍ കഴിയുന്ന പ്രത്യേകമേഖലയ്ക്കു സമീപം മറ്റു വന്യജീവികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ പട്രോളിങ്. കുനോയില്‍ എത്തിയ ചീറ്റപ്പുലികള്‍ക്ക് ഈ ഒരുമാസം ക്വാറന്റീന് കാലമാണ്. ദേശീയോദ്യാനത്തില്‍ തയ്യാറാക്കിയ പ്രത്യേക മേഖലകളിലാണ് ഇവര്‍ ഇക്കാലയളവ് ചെലവിടുക. ഇവര്‍ക്കു മേല്‍ കണ്ണുകളുമായി സിദ്ധ്നാഥും ലക്ഷ്മിയും ഉണ്ടാവും.
മുപ്പതു വയസ്സാണ് സിദ്ധ്നാഥിന്റെ പ്രായം. 2010-ല്‍ രണ്ട് പാപ്പാന്മാരെ ഈ ആന കൊലപ്പെടുത്തിയിരുന്നു. കടുവകളുടെ റെസ്ക്യൂ നടപടികളില്‍ വൈദഗ്ധ്യമുള്ള ആനയാണ് സിദ്ധ്നാഥ്. 25 വയസ്സാണ് ലക്ഷ്മിയുടെ പ്രായം. ശാന്തപ്രകൃതമാണ് ഈ ആനയ്ക്കെന്നാണ് വിവരം. ജംഗിള്‍ സഫാരി, റെസ്ക്യൂ ഓപ്പറേഷനുകള്‍ എന്നിവയില്‍ വൈദഗ്ധ്യവുമുണ്ട്.