കെഎസിആർ ദേശീയ രാഷ്ട്രീയത്തിലേക്ക്, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്
1 min readഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പുതിയ ദേശീയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് നടത്തും. തെലങ്കാന രാഷ്ട്ര സമിതിക്ക് ഭാരത് രാഷ്ട്ര സമിതി പുതിയ പേര് നൽകിയാകും ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് സൂചന. എന്നാൽ പേര് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചക്ക് അദ്ദേഹം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ പാർട്ടി യോഗം ചേരും. ഇതിലാണ് പേര് മാറ്റാനുള്ള പ്രമേയം പാസാക്കുന്നത്. പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഉൾപ്പടെ 283 പേർ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പ് ചിഹ്നവും കൊടിയുടെ കളറും നിലനിർത്താൽ പാർട്ടി ആഗ്രഹിക്കുന്നു എന്നാണ് സൂചന കാബിനറ്റ് മന്ത്രിമാരേയും പാര്‍ട്ടി ജില്ല പ്രസിഡന്റുമാരേയും വിളിച്ചുചേര്‍ത്ത് ഞായറാഴ്ച ഉച്ചയ്ക്ക് കെ.സി.ആര് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
ദേശീയ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024ലെ പൊതുതെരഞ്ഞെടുപ്പിലാണ് കെസിആർ ദേശീയ പാർട്ടി പ്രഖ്യാപിക്കുന്നത്. ബി.ജെ.പിക്ക് മുന്നിൽ ശക്തമായ പ്രതിപക്ഷനിര കേന്ദ്രത്തിൽ ഉണ്ടാക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ രാജ്യത്തെ മുഴുവൻ കർഷകർക്കും സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനവും കെഎസിആർ നടത്തിയിരുന്നു.