സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു തോല്‍വി; തോറ്റത് സൗരാഷ്ട്രയ്ക്ക് മുന്നില്‍

1 min read

കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു തോല്‍വി. സൗരാഷ്ട്രയോടു കേരളം പൊരുതിത്തോല്‍ക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ ഒൻപതു റൺസിനാണു സൗരാഷ്ട്രയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടിയിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനേ കേരളത്തിനു സാധിച്ചുള്ളൂ.

അർധസെഞ്ചറി നേടിയ ഷെൽഡൻ ജാക്സന്റെ ബാറ്റിങ്ങാണ് സൗരാഷ്ട്രയെ തുണച്ചത്. 44 പന്തുകളിൽനിന്ന് 64 റൺസ് താരം നേടി. സമര്‍ഥ് വ്യാസ് (18 പന്തിൽ 34), വിശ്വരാജ്സിൻഹ് ജഡേജ (23 പന്തിൽ 31) എന്നിവരും സൗരാഷ്ട്രയ്ക്കായി തിളങ്ങി. കേരളത്തിനു വേണ്ടി കെ.എം. ആസിഫ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മനു കൃഷ്ണന്‍ രണ്ടും മിഥുൻ എസ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ മുഹമ്മദ് അസ്ഹറുദ്ദീനെ (പൂജ്യം) തുടക്കത്തിൽ തന്നെ നഷ്ടമായത് കേരളത്തിനു തിരിച്ചടിയായി. രോഹൻ എസ്. കുന്നുമ്മൽ 18 പന്തിൽ 22 റൺസെടുത്തു പുറത്തായി. തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ട് കേരളത്തിനായി 98 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും അർധ സെഞ്ചറി നേടി. എട്ട് ഫോറുകൾ നേടി സഞ്ജു 38 പന്തിൽ 59 റൺസെടുത്തു പുറത്തായി.

സച്ചിൻ ബേബി 47 പന്തിൽ 64 റൺസെടുത്തു പുറത്താകാതെനിന്നു. സച്ചിൻ അടിച്ചെടുത്തത് രണ്ടു സിക്സും ആറു ഫോറും. അബ്ദുല്‍ ബാസിത്ത് ഏഴു പന്തിൽ 12 റൺസെടുത്തു പുറത്തായി. വിഷ്ണു വിനോദ് (ഏഴു പന്തിൽ 12) പുറത്താകാതെനിന്നു. പ്രേരക് മങ്കാദ് സൗരാഷ്ട്രയ്ക്കു വേണ്ടി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.

Related posts:

Leave a Reply

Your email address will not be published.