ഹിജാബ് ധരിക്കാമോ? സുപ്രീംകോടതി വിധി ഇന്ന്
1 min readന്യൂഡൽഹി: വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസിൽ വിധിപറയുന്നത്. കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഹിജാബ് ധരിക്കുന്നത് ഇസ്ലാംമതത്തിലെ അനിവാര്യമായ ആചാരമാണോ എന്നതിനെ മുൻനിർത്തിയായിരുന്നു വാദങ്ങൾ. മതപരമായി മാത്രമല്ല, സാംസ്കാരികമായ ആചാരമാണെങ്കിൽപ്പോലും ഹിജാബ് വിലക്കാനാവില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്.
അതേസമയം, 2021 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടർന്നാണ് അതുണ്ടായതെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത വാദിച്ചു.
അതേസമയം, ഹിജാബ് ധരിക്കാനുള്ള അവകാശം സാംസ്കാരികമായ അവകാശംകൂടിയാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നുമാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചത്. ഹിജാബ് ധരിക്കുന്നത് മതപരമായ അനിവാര്യതയാണോ എന്നതിലുപരി അത്തരം ആചാരം ശരിയായരീതിയിൽ നിലവിലുണ്ടോ എന്നതുമാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്ന് അഡ്വ. പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടിയിരുന്നു.