ആലപ്പുഴ മെഡി.കോളേജിലെ ഐസിയുവിന് മുന്നിലും തെരുവ് നായ ശല്യം
1 min readആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐസിയുവിന് മുന്നിലും തെരുവ് നായയുടെ ശല്യം. പകല്‍ സമയത്ത് പോലും ഐസിയുവിലും ആശുപത്രിയുടെ ഇടനാഴികളിലും തെരുവ് നായകള്‍ സ്വതന്ത്ര്യമായി വിഹരിക്കുകയാണ്. രാത്രിസമയത്ത് നിരവധി തെരുവ് നായകളാണ് ഐസിയുവിന് മുന്നില്‍ ഉണ്ടാവാറുള്ളതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
അതേസമയം നഗരസഭ മുന്‍കൈയ്യെടുത്ത് നടത്തിയ തെരുവ് നായ വന്ധ്യംകരണ പദ്ധതി മൃഗസ്നേഹികളുടെ ഇടപെടല്‍ മൂലം നിര്‍ത്തിവയ്ക്കേണ്ടി വന്നതാണ് സ്ഥിതി ഗുരുതരമായതിന് കാരണമെന്ന് ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തെരുവ് നായകളുടെ വന്ധ്യംകരണത്തിനായി നഗരസഭ 40 ലക്ഷം രൂപ നീക്കി വച്ചിരുന്നു. ഇതില്‍ 25 ലക്ഷം രൂപയോളം ചിലവിടുകയും ചെയ്തു. തെരുവില്‍ നിന്നും പിടികൂടുന്ന നായകളെ ഒരാഴ്ച ക്യാംപില്‍ താമസിപ്പിച്ച് വന്ധ്യംകരിച്ച ശേഷം തിരികെ തെരുവില്‍ തുറന്നു വിടുന്നതായിരുന്നു പദ്ധതി.
പദ്ധതി വിചാരിച്ച രീതിയില്‍ മുന്നോട്ട് നീങ്ങുകയും ഏതാണ്ട് 1500ഓളം പട്ടികളെ വന്ധ്യംകരിക്കുകയും ചെയ്ത ഘട്ടത്തില്‍ മൃഗസ്നേഹികള്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. മൃഗക്ഷേമ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാത്തവരാണ് പട്ടികളെ പിടികൂടുന്നത് എന്നായിരുന്നു ഇവരുടെ വാദം. ഇവര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങി. ഇതിനു പിന്നാലെ മൃഗക്ഷേമ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാത്തവരെ കൊണ്ട് പട്ടികളെ പിടികൂടരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ നഗരസഭയുടെ വന്ധ്യംകരണ പദ്ധതികള്‍ നിലച്ചെന്നും ചെയര്‍പേഴ്സണ്‍ പറയുന്നു.
ടെന്‍ഡര്‍ നല്‍കിയിട്ടും മൃഗക്ഷേമവകുപ്പിന്റെ രജിസ്ട്രേഷന് ഉള്ളവരെ കേരളത്തില്‍ കണ്ടെത്താനായില്ലന്ന് സൗമ്യ രാജ് പറയുന്നു. കേരളത്തിന് പുറത്തുള്ള വരെ കണ്ടെത്താന്‍ അടുത്തിടെ കലക്ടര്‍ വിളിച്ച യോഗം തീരുമാനിച്ചെന്നും സൌമ്യ രാജ് വ്യക്തമാക്കി.
അതേസമയം പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കര്‍മ്മപദ്ധതിയില്‍ സര്‍ക്കാരിന്റെ അവലോകന യോഗം ഇന്ന്. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ വൈകിട്ടാണ് ഉന്നതതല യോഗം. ആരോഗ്യ മൃഗസംരക്ഷണ തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച സംയുക്ത കര്‍മ്മപദ്ധതിയും, തദ്ദേശ വകുപ്പ് നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കലുമാണ് പ്രധാന അജണ്ട. തെരുവുനായകള്‍ക്ക് പ്രത്യേക ഷെല്‍ട്ടര്‍, സമ്പൂര്‍ണ വാക്സിനേഷന്, വന്ധ്യംകരണം എന്നിവയില്‍ വരുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാണ്. മൂന്ന് വകുപ്പുകള്‍ സംയുക്തമായി നേരത്തെ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ അവലോകനത്തില്‍ ആരോഗ്യ മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സമ്മതിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉരുതിരിയുന്ന നിര്‍ദേശങ്ങളും വൈകിട്ടത്തെ യോഗത്തില്‍ അജന്‍ഡയായി എത്താന്‍ സാധ്യതയുണ്ട്.