സെപ്തംബര്‍ 13 വിധി തീര്‍പ്പിന്റെ ദിവസമോ?
1 min readലാവ്ലിന്‍ കേസ് സെപ്തംബര്‍ 13 ന് പരിഗണിക്കുന്നു; മുഖ്യമന്ത്രിയെ സംബന്ധിച്ച് നിര്‍ണ്ണായകം
തിരുവനന്തപുരം: സെപ്തംബര്‍ 13 മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് വിധി തീര്‍പ്പിന്റെ ദിവസമോ? നിരവധി തവണ മാറ്റിവെച്ച ലാവ്ലിന്‍ കേസ് സുപ്രീംകോടതി സെപ്തംബര്‍ 13 ന് പരിഗണിക്കുകയാണ്. ഇക്കുറി കേസ് പട്ടികയില്‍ നിന്നും മാറ്റരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് മുഖ്യമന്ത്രിയെ സംബന്ധിച്ച് വിധി തീര്‍പ്പിന്റെ ദിവസമായി സെപ്തംബര്‍ 13 മാറുമോ എന്ന സംശയം ഉയരുന്നത്. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. കേസ് നിരന്തരം മാറ്റുന്ന കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
സംസ്ഥാനത്തിനു നാനൂറു കോടിയോളം നഷ്ടമുണ്ടായ ലാവ്ലിന്‍ പോലെയുള്ള കേസില്‍ മുഖ്യമന്ത്രി അടക്കമുള്ള ചിലരെ മാത്രം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയ്ക്ക് എതിരെ സുപ്രീംകോടതി പരാമര്‍ശം വന്നാല്‍ അത് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ ദോഷകരമായി ബാധിക്കും. സുപ്രീംകോടതി വിധി എന്തായിരിക്കും എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തവണ കേസ് മാറ്റരുത് എന്നാണ് സുപ്രീംകോടതിയുടെ തന്നെ നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 ജനുവരി 11-നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. 1995 മുതൽ 1998വരെ നടപ്പാക്കിയ കരാർ ഇടപാടുകളുടെ പേരിൽ 2005 ലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ തുടർന്നാണ് എസ്എൻസി എന്ന കനേഡിയൻ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്നത്. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.