ഇ പോസ് തകരാര്‍; മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റ് വിതരണം മുടങ്ങി

1 min read

തിരുവനന്തപുരം: ഇ പോസ് തകരാറില്‍ മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റും റേഷന്‍ വിതരണവും മുടങ്ങി. പിങ്ക് കാര്‍ഡുള്ളവര്‍ക്കാണ് ഇന്ന് ഓണക്കിറ്റ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായത്തോടെ മിക്ക ജില്ലകളിലും ഓണക്കിറ്റും റേഷന്‍ വിതരണവും മുടങ്ങി. പിന്നാലെ തകരാറ് പരിഹരിച്ചെന്നും വിതരണം പുനരാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഓണക്കിറ്റ് വിതരണത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നെറ്റ്‌വര്‍ക്ക് തകരാര്‍ പരിഹരിച്ചുവെന്നും ബദല്‍ മാര്‍ഗങ്ങളും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പും കിറ്റ് വിതരണം ചെയ്ത സമയങ്ങളില്‍ സെര്‍വര്‍ തകരാര്‍ പ്രതിസന്ധിയായിരുന്നു. അന്ന് ഏര്‍പ്പെടുത്തിയ താല്‍കാലിക ക്രമീകരണം ഉടന്‍ നടപ്പാക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ സംഘടന ആവശ്യപ്പെടുന്നത്. സെപ്റ്റംബര്‍ ഏഴ് വരെ വിവിധ കാര്‍ഡ് ഉടമകള്‍ക്ക് സമയക്രമം നിശ്ചയിച്ചാണ് കിറ്റ് നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ സെര്‍വര്‍ തകരാര്‍ ഇത് തകിടം മറിക്കുമോയെന്നാണ് ആശങ്ക.

ചൊവ്വാഴ്ച (ഓഗസ്റ്റ് 23) മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ് കാര്‍ഡുടമകള്‍ക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളില്‍ (ഓഗസ്റ്റ് 23, 24) കിറ്റ് വിതരണം ചെയ്തത്. ഇന്ന് മുതല്‍ മൂന്ന് ദിവസം (ഓഗസ്റ്റ് 25, 26, 27) പിങ്ക് കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. 29,30,31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഓണക്കിറ്റ് കൈപ്പറ്റാന്‍ അവസരമുണ്ട്.

ആദ്യ ഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ അനുവാദം ഉണ്ടാകൂ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാല്‍ സെപ്തബര്‍ 4, 5, 6, 7 തീയതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പകരം സെപ്തംബര്‍ 16ന് റേഷകന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ് വാതില്‍പ്പടി സേവനമായി നല്‍കും.

കിറ്റിലുള്ളത്…

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
മില്‍മ നെയ് 50 മി.ലി
ശബരി മുളക്‌പൊടി 100 ഗ്രാം
ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം
ഏലയ്ക്ക 20 ഗ്രാം
ശബരി വെളിച്ചെണ്ണ 500 മി.ലി
ശബരി തേയില 100 ഗ്രാം
ശര്‍ക്കരവരട്ടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
പഞ്ചസാര ഒരു കിലോഗ്രാം
ചെറുപയര്‍ 500 ഗ്രാം
തുവരപ്പരിപ്പ് 250 ഗ്രാം
പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം
തുണിസഞ്ചി

Related posts:

Leave a Reply

Your email address will not be published.