ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായേക്കും; സോണിയയുടെ ഉറപ്പ് ലഭിച്ചതായി സൂചന

1 min read

ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞാഴ്ച സോണിയ ഗാന്ധിയുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ കൂടിക്കാഴ്ചയിലാണ് തരൂരിന് ഉറപ്പ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. . പാർട്ടിയിലെ വിമതകൂട്ടായ്മയായ ജി 23 യുടെ ഭാഗമാണെങ്കിലും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ശശി തരൂർ.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോഴും ഗാന്ധി കുടുംബാംഗങ്ങൾ മത്സരിച്ചാൽ പിൻമാറുമെന്ന നിലപാടായിരുന്നു തരൂർ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. സമവായ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ശ്രമങ്ങളും തരൂർ നടത്തിയിരുന്നു. ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ തരൂർ ജി 23 യുടെ സ്ഥാനാർത്ഥിയാകുമോയെന്ന കാര്യത്തിൽ തരൂർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തരൂർ മത്സരിച്ചില്ലെങ്കിൽ മനീഷ് തിവാരി ജി 23 യുടെ സ്ഥാനാർത്ഥിയായേക്കും.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ഗെലോട്ടിനെ കൊണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് രാജിവെപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സരിച്ചാൽ സച്ചിൻ പൈലറ്റിനെ വെട്ടി തൻറെ ഏറ്റവും അടുത്ത അനുയായി കൂടിയായ സ്പീക്കർ സി പി ജോഷിയെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഗെലോട്ട് നടത്തിയിരുന്നു. എന്നാൽ ഉദയ്പൂർ ചിന്തൻ ഷിവിറിലെ ഒരാൾക്ക് ഒരു പദവിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് രാഹുൽ വ്യക്തമാക്കുകയായിരുന്നു.

സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ശക്തമായി വാദിച്ചിരുന്നുവെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.ഗെലോട്ട് രാജസ്ഥാനിൽ മൂന്നാം തവണയും മുഖ്യമന്ത്രിയായതോടെ സച്ചിൻ പൈലറ്റ് ഒതുക്കപ്പെട്ടുവെന്ന വികാരം പാർട്ടിയിൽ ശക്തമായിരുന്നു. 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സച്ചിനെ ഇനിയും മാറ്റു നിർത്താൻ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

Related posts:

Leave a Reply

Your email address will not be published.