ഷാജിയുടെ വിശദീകരണം തൃപ്തികരം; സൂക്ഷ്മത പുലര്‍ത്തണമെന്ന് അറിയിച്ചു: സാദിഖലി ശിഹാബ് തങ്ങള്‍
1 min readമലപ്പുറം: കെ.എം.ഷാജിയുടെ പാര്‍ട്ടി വിരുദ്ധ പ്രസംഗ വിവാദങ്ങള്‍ അവസാനിപ്പിച്ച് മുസ്ലിം ലീഗ്. വിഷയത്തില്‍ ഷാജി വിശദീകരണം നല്‍കിയെന്നും അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമൊണെന്നും ലീഗ് സംസഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞെന്നും പ്രസംഗത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി. നേരത്തെ, വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കണമെന്ന് കെ.എം.ഷാജിയോട് ലീഗ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പാണക്കാട്ടെ വസതിയിലെത്തിയാണ് ഷാജി വിശദീകരണം നല്‍കിയത്.
അതേസമയം വിവാദങ്ങൾക്കിടെ തന്നെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി .മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്. ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും , വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ എം ഷാജി വേദിയിലിരിക്കവേ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ ലീഗ് ഏത് പരിപാടി വെച്ചാലും വിജയിക്കും…ഇന്ന് ചാനലുകാർ ഒക്കെ കൂടുതല്‍ ഉണ്ട് ഇത് വിജയിപ്പിക്കാൻ… പ്രസംഗത്തിന് ഒരു കുറവും ഉണ്ടാകില്ല..ഞങ്ങൾ എല്ലാം പറയുന്നത് ഒരു രാഷ്ട്രീയം.. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയം… അതിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് നോക്കാൻ മെനക്കെട്ട് മുൻപിൽ ഇരിക്കുന്നവർ ഉണ്ട്…മെനക്കെട്ടിട്ട് കാര്യം ഇല്ല…’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.