യുദ്ധത്തിനിറങ്ങാന്‍ പുടിന്; ജനങ്ങള്‍ സ്ഥലം വിടുന്നു; വിമാന ടിക്കറ്റുകളെല്ലാം തീര്‍ന്നു
1 min readമോസ്കോ: നിര്‍ബന്ധിത സൈനിക സേവനത്തിന് ഇറങ്ങാന്‍ . റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉത്തരവിട്ടതിന് പിന്നാലെ റഷ്യ വിടാന്‍ ജനങ്ങള്‍. റഷ്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നു. വിറ്റവയെല്ലാം വണ്‍ വേ ടിക്കറ്റുകളാണ്. മിക്കവരും റഷ്യയിലേക്ക് തിരിച്ചെത്താനുള്ള ടിക്കറ്റ് എടുത്തിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് നിര്‍ബന്ധിത സൈനിക സേവനത്തിന് ജനങ്ങളോട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യയില്‍നിന്ന് പുറത്തേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നത്.
ടിക്കറ്റ് ബുക്കിങ് വ്യാപകമായതോടെ നിരക്ക് കുതിച്ചുയരുകയും ചെയ്തു. യുക്രൈനെതിരായ യുദ്ധത്തില്‍ അണിനിരക്കാന്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് കഴിഞ്ഞ ദിവസമാണ് ജനങ്ങളോട് ഉത്തരവിട്ടത്. മുഴുവന്‍ പാശ്ചാത്യശക്തികളുടെയും യുദ്ധസന്നാഹത്തോടാണ് പൊരുതുന്നതെന്നും ആള്‍ബലം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവേ പുതിന് പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ടെലിവിഷനിലൂടെയാണ് പുതിന് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഏഴുമിനിറ്റ് നീണ്ട വീഡിയോയില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഇത് വെറുംവാക്കല്ലെന്നും പുതിന് ഓര്‍മിപ്പിച്ചു. വേണ്ടിവന്നാല്‍ ആണവായുധങ്ങളും പ്രയോഗിക്കുമെന്ന സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
നിര്‍ബന്ധിത സൈനിക സേവനത്തിനുള്ള ഉത്തരവ് വന്നതോടെ 18 നും 65 നുമിടെ പ്രായമുള്ളവര്‍ രാജ്യംവിടുന്നത് വിലക്കിയിട്ടുണ്ട്. ഈ പ്രായപരിധിയില്‍ ഉള്ളവര്‍ വിമാന ടിക്കറ്റിന് തിരക്കുകൂട്ടിയതോടെ ഇവര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ ടിക്കറ്റ് നല്‍കരുതെന്ന് റഷ്യന്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. റഷ്യയില്‍നിന്ന് വിമാനങ്ങള്‍ കൂട്ടമായി പുറത്തേക്ക് പറക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പ് ഗ്ലോബല്‍ ഫ്ളൈറ്റ് ട്രാക്കിങ് ഏജന്‍സിയായ ഫ്ളൈറ്റ് റഡാര്‍ 24 പുറത്തുവിട്ടിട്ടുണ്ട്. ടിക്കറ്റിനുവേണ്ടി ഓണ്‍ലൈനില്‍ പരതുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി ഗൂഗിള്‍ ട്രെന്‍ഡ്സും വ്യക്തമാക്കുന്നു. റഷ്യയില്‍നിന്ന് പുറത്തേക്ക് ഒരാഴ്ചത്തേക്കുള്ള മുഴുവന്‍ ടിക്കറ്റുകളും ബുക്കുചെയ്ത് കഴിഞ്ഞുവെന്ന് ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.