ജനസംഖ്യാ നിയന്ത്രണം ഇന്ത്യയില്‍ ആവശ്യമെന്ന് മോഹന്‍ ഭാഗവത്
1 min readനാഗ്പുര്‍: ജനസംഖ്യാ നിയന്ത്രണം ഇന്ത്യയില്‍ ആവശ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാന്‍ കഴിയാത്ത വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയറിന് ഇംഗ്ലീഷ് പ്രധാനമാണ് എന്നത് ഒരു മിഥ്യയാണ്. പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന സംസ്‌കാരമുള്ളവരും രാജ്യസ്നേഹത്താല്‍ പ്രചോദിതരായ നല്ല മനുഷ്യരുമായി മാറുന്നതിലേക്ക് നയിക്കണം- ഇതാണ് എല്ലാവരുടെയും ആഗ്രഹം. സമൂഹം ഇതിനെ സജീവമായി പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ജനസംഖ്യയ്ക്ക് വരുമാന വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങള്‍ കെട്ടിപ്പടുക്കാതെ ജനസംഖ്യ വളര്‍ന്നാല്‍ അത് ഒരു ബാധ്യതയാകും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. രണ്ട് വശങ്ങളും മനസ്സില്‍ വെച്ചുകൊണ്ട് എല്ലാവര്‍ക്കുമായി ഒരു ജനസംഖ്യാ നയത്തില്‍ നാം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണ്. ഇത് ഭൂമിശാസ്ത്രപരമായ അതിരുകളില്‍ മാറ്റം വരുത്തും. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവര്‍ത്തനങ്ങളും വലിയ കാരണങ്ങളാണ്.
ജനങ്ങള്‍ തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തണം. എന്നാല്‍ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് സാധാരണമാകണം. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹിന്ദു രാഷ്ട്ര സങ്കല്‍പം എങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പലരും ഈ ആശയത്തോട് യോജിക്കുന്നു, പക്ഷേ ‘ഹിന്ദു’ എന്ന വാക്കിനെ എതിര്‍ക്കുകയും മറ്റ് വാക്കുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. തങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല. ആശയത്തിന്റെ വ്യക്തതയ്ക്കായി – ഹിന്ദു എന്ന വാക്കിന് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത് തുടരും. ഞങ്ങള്‍ കാരണം ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്ന് ചിലര്‍ ഭയപ്പെടുത്തുകയാണ്. ഇത് സംഘത്തിന്റെയോ ഹിന്ദുക്കളുടേയോ സ്വഭാവമല്ല. സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നില്‍ക്കുന്നവരാണ് സംഘം’ മോഹന്‍ ഭാഗവത് പറഞ്ഞു.
ക്ഷേത്രവും വെള്ളവും ശ്മശാനവും എല്ലാവര്‍ക്കും പൊതുവായിരിക്കണം. ഖേദകരമായ കാര്യങ്ങളുടെ പേരില്‍ നമ്മള്‍ വഴക്കിടരുത്. ഒരാള്‍ക്ക് കുതിരപ്പുറത്ത് കയറാം, മറ്റൊരാള്‍ക്ക് പറ്റില്ല എന്ന മട്ടിലുള്ള സംസാരങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമുണ്ടാകരുത്, അതിനായി നമ്മള്‍ പ്രവര്‍ത്തിക്കണം.
സ്ത്രീകളോട് തുല്യതയോടെ പെരുമാറുകയും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി അവരെ ശാക്തീകരിക്കണമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. സ്ത്രീകളില്ലാതെ സമൂഹത്തിന് പുരോഗതിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ സനാതന ധര്‍മ്മത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ഭാരതത്തിന്റെ ഐക്യത്തിനും പുരോഗതിക്കും എതിരായ ശക്തികളാണ്. അവര്‍ വ്യാജ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നു, അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു, ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. ഭീകരത, സംഘര്‍ഷം, സാമൂഹിക അശാന്തി എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
കോവിഡിന് ശേഷം നമ്മുടെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലാകുകയാണ്. ഇത് കൂടുതല്‍ വളരുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കായികരംഗത്തും നമ്മുടെ താരങ്ങള്‍ രാജ്യത്തിന് അഭിമാനം പകരുന്നു. മാറ്റമാണ് ലോകത്തിന്റെ ഭരണം, എന്നാല്‍ സനാതന ധര്‍മ്മത്തില്‍ ഉറച്ചുനിന്നുകൊണ്ടായിരിക്കണം ഈ മാറ്റമെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.