പ്രധാനലക്ഷ്യം സാമ്പത്തിക സ്ഥിരത ഉറപ്പാക്കല്‍ ; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ചുമതലയേറ്റു
1 min readലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് റിഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയില്‍ റിഷി സുനക് പറഞ്ഞു. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ റിഷി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ജനവിധി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് ഒരുങ്ങിയ പെന്നി മോര്‍ഡന്റ് പിന്മാറിയതോടെ റിഷി സുനക്
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബോറിസ് ജോണ്‍സണ്‍, തെരേസ മന്ത്രിസഭകളില്‍ അംഗമായിരുന്ന റിഷി സുനക് 42ാം വയസിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. 200 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് റിഷി സുനക്കിന് എല്ലാ വിജയാശംസകളും നേര്‍ന്നു.
ബ്രിട്ടന്റെ കടുത്ത പ്രതിസന്ധി കാലത്താണ് റിഷി സുനക് രാജ്യത്തെ നയിക്കാന്‍ എത്തുന്നത്. വിലക്കയറ്റം മുതല്‍ സ്വന്തം പാര്‍ട്ടിയിലെ കലാപങ്ങള്‍ വരെ നേരിട്ട് വേണം സുനകിന് മുന്നോട്ടുപോകാന്‍. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ ആദ്യം വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് റിഷി സുനക് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.