ഹിമാചല്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു, ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

1 min read

ന്യുഡല്ലി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് മത്സരം. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആംആദംമി പാര്‍ട്ടി ഹിമാചലില്‍ കാടടച്ചുള്ള പ്രചാരണത്തിനില്ല. പ്രധാനമന്ത്രിയടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തും. പന്ത്രണ്ടിനാണ് വോട്ടെടുപ്പ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. മുഖ്യമന്ത്രി ജയറാം താക്കൂര്‍ അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തില്‍നിന്നുതന്നെയാണ് മത്സരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂര്‍ തന്നെയാണ് പ്രചാരണം നയിക്കുന്നത്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ബിജെപിക്കാണ് മേല്‍ക്കൈ. മോദിയും അമിത്ഷായും വൈകാതെ സംസ്ഥാനത്തെത്തും. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ അഭാവത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖമില്ലെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന വെല്ലുവിളി. വീരഭദ്ര സിങ്ങിന്റെ ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്ങ് എംപിയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ മുഖമെങ്കിലും മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാല്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കുന്നത്.

അടുത്തയാഴ്ച എട്ട് റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. സോണിയ ഗാന്ധിയും രാഹുലും പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം 40 താര പ്രചാരകര്‍ സംസ്ഥാനത്തെത്തും. പഞ്ചാബ് ഗുജറാത്ത് മോഡല്‍ വാഗ്ദാങ്ങള്‍ നല്‍കി കളംപിടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും ശ്രമിക്കുന്നു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും, ഗുജറാത്തിലേക്കാണ് പാര്‍ട്ടിയുടെ മുഴുവന്‍ ശ്രദ്ധ. അവസാനഘട്ടത്തില്‍ കെജ്രിവാളും സിസോദയയുമടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തും.

ബിജെപിയും കോണ്‍ഗ്രസും മാറിമാറി അധികാരത്തിലെത്തുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് വിലയിരുത്തല്‍. ഇത് മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടി ഭരണ തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Related posts:

Leave a Reply

Your email address will not be published.