ഗെലോട്ട് സ്ഥാനാര്‍ഥിയായാല്‍ നാമനിർദേശ പത്രിക നൽകുമെന്ന് സച്ചിൻ പൈലറ്റ്; കോണ്‍ഗ്രസിന് തലവേദനയായി രാജസ്ഥാന്‍
1 min read
ന്യൂഡല്‍ഹി: രാജസ്ഥാനിൽ എം എൽ എ മാരെ വച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർഥിയാക്കി മുന്നോട്ട് പോയാൽ എതിരായി നാമനിർദേശ പത്രിക നൽകുമെന്ന് സച്ചിൻ പൈലറ്റിന്റെ ഭീഷണി. ഗെലോട്ട് ഹൈക്കമാൻഡിനെയും പാർട്ടിയെയും അപമാനിച്ചെന്നും അധ്യക്ഷസ്ഥാനാർഥിയാക്കരുതെന്നു പ്രവർത്തക സമിതി അംഗങ്ങളും ശക്തമായി വാദിച്ചതോടെയാണ് ഗെലോട്ടിന്റെ കാര്യത്തില്‍ ഹൈക്കമാൻഡ് മാറി ചിന്തിച്ചത്. രണ്ട് സെറ്റ് നാമനിർദേശ പത്രിക കൈ പറ്റിയിട്ടുണ്ടെങ്കിലും താൻ മത്സരിക്കുന്നില്ലെന്നാണ് പവൻ കുമാർ ബെൻസൽ പറയുന്നത്. മത്സരത്തിന് ഇല്ലെന്ന് പരസ്യമായി പ്രതികരിച്ചെങ്കിലും കമൽനാഥും ദിഗ് വിജയ് സിങുമാണ് പരിഗണിക്കുന്നവരിൽ മുന്നിൽ നില്‍ക്കുന്നു.
അശോക് ഗെലോട്ടിന് പകരം കോണ്‍ഗ്രസ് തലപ്പത്തേക്ക് സ്ഥാനാർഥിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളുമായി ഹൈക്കമാൻഡ് രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. രാജസ്ഥാനിലെ എംഎൽഎമാരുടെ നാടകീയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നിരീക്ഷകർ അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കും.
ഭാരത് ജോഡോ യാത്രക്ക് നേത്യത്വം നൽകുന്നതിനാൽ ദിഗ് വിജയ് സിങ്ങിനെ ഒഴിവാക്കിയേക്കും. പട്ടിക ജാതി വിഭാഗത്തിൽ നിന്നുളള നേതാക്കളെ പരിഗണിക്കുകയാണെങ്കിൽ മുകുൾ വാസ്നിക്കോ മല്ലികാർജുൻ ഖാർഗെയോ സുശീൽ കുമാർ ഷിൻഡെയോ വന്നേക്കും. അതേസമയം രാജസ്ഥാനിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ ഗെലോട്ടിന്റെ അറിവോടെയാണെന്നും അച്ചടക്ക ലംഘനമാണെന്നുമാണ് എഐ സി സി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയമാക്കനും സോണിയ ഗാന്ധി അറിയിച്ചിട്ടുള്ളത്.
നിയമസഭ കക്ഷി യോഗത്തിന് സമാന്തരമായി എംഎൽഎമാരുടെ യോഗം വിളിച്ച മന്ത്രി ശാന്തി ധരിവാൾ ഇന്നലെ ഹൈക്കമാൻഡിനെയും നിരീക്ഷകരെയും സച്ചിനെയും വിമർശിച്ചിരുന്നു. അതിനാൽ ശാന്തി ധരിവാൾ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.