കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം; ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടീസ്
1 min read
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്. എന്നാല്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ, തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയോ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
നിയമനം ചട്ടങ്ങള്‍ പ്രകാരം ആണെന്ന് കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി സുപ്രീം കോടതിയില്‍ വാദിച്ചു. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. പ്രശാന്തിന് ആവശ്യമായ യോഗ്യതകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശാന്തിന്റെ നിയമനം കാരണം ആര്‍ക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും പ്രശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും, അഭിഭാഷകന്‍ മുഹമ്മദ് സാദിഖും കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രശാന്തിന് ആശ്രിത നിയമനത്തിന് അര്‍ഹത ഉണ്ടോയെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ആശ്രിത നിയമനമല്ല നല്‍കിയതെന്ന് പ്രശാന്തിന്റെ അഭിഭാഷകര്‍ മറുപടി നല്‍കി. എന്നാല്‍ പ്രശാന്ത് നിയമനത്തിനായി പരീക്ഷ എഴുതുകയോ, ഇന്റര്‍വ്യൂവിന് ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടോ എന്നകാര്യം പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രശാന്തിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശിയും വാദിച്ചു. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവ് ഇതുവരെയും നടപ്പിലാക്കിയില്ലേ എന്ന് കോടതി ആരാഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഉടന്‍ തന്നെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.