ഗുജറാത്ത് പിടിക്കാൻ രാഘവ് ഛദ്ദ; ആം ആദ്മി പയറ്റുന്നത് പഞ്ചാബിലെ തന്ത്രം
1 min readന്യൂഡല്‍ഹി: യുവ നേതാവും എംപിയുമായ രാഘവ് ചദ്ദയ്ക്ക് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി എഎപി. പഞ്ചാബിലെ ആം ആദ്മിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ഛദ്ദ. ഗുജറാത്തില്‍ അട്ടിമറി ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ തട്ടകത്തിലെ വിജയം ആണ് ആം ആദ്മിയുടേയും കെജരിവാളിന്റേയും ലക്ഷ്യം. ഇതിനോടകം തന്നെ ശക്തമായ പ്രചരണമാണ് പാർട്ടി സംസ്ഥാനത്ത് നടത്തുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് ആപ്. ഇതിന് മുന്നോടിയായിട്ടാണ് ഛദ്ദയുടെ നിയമനം.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ പ്രചരണത്തിലുൾപ്പെടെ നിർണായകമായ പങ്ക് വഹിച്ച മറ്റൊരു നേതാവായ സന്ദീപ് പഥകിനെ ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ ചുമതല നേതൃത്വം നൽകിയിട്ടുണ്ട്. ബി ജെ പി ആം ആദ്മിക്കെതിരെ പ്രചരണം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഛദ്ദയുടെ നിയമനം എന്നത് ശ്രദ്ധേയമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി പോര് കടുപ്പിച്ചിരിക്കുകയാണ് പാർട്ടികൾ. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ തട്ടകത്തിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകുകയെന്നതാണ് കോൺഗ്രസിന്റേയും ആം ആദ്മിയുടേയും ലക്ഷ്യം. എന്നാൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ സീറ്റ് ഉയർത്തി ഗുജറാത്തിൽ വൻ വിജയം ബി ജെ പി യുടെ ലക്ഷ്യം.