പ്രധാന നേതാക്കളെ ലക്ഷ്യമിട്ടു; പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ട് എൻഐഎ

1 min read

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്ത് എൻഐഎ. ഒരു സമുദായത്തിലെ പ്രധാന നേതാക്കളെ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടു. ഇതിനുള്ള തെളിവുകൾ റെയ്ഡിൽ പിടിച്ചെടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നാട് രക്തത്തിൽ മുങ്ങാതിരിക്കാൻ ഇതിൽ നടപടി വേണമെന്നും എൻഐഎ ആവശ്യപ്പെട്ടു. എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നതിന് വേണ്ടി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.സംഘടനയുമായി ബന്ധപ്പെട്ട 19 കേസുകളാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ വിശദ റിപ്പോർട്ട് വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതിന് പുറമെ നിരവധി അക്രമങ്ങൾക്കും പിടിയിലായവർ പദ്ധതി ഇട്ടു. ഇതു സംബന്ധിച്ചുള്ള നിരവധി തെളിവുകളാണ് ലഭിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ അക്രമ നീക്കങ്ങൾ തടയേണ്ടത് സമൂഹത്തിന്റെ മുന്നോട്ടുള്ള നീക്കത്തിന് അനിവാര്യമാണെന്നും എൻഐഎ കോടതിയെ ബോധിപ്പിച്ചു. കസ്റ്റഡിയിലുള്ളവരെ ഡൽഹിയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടു പോയേക്കില്ല. കൊച്ചിയിൽ തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ ഒരുക്കുമെന്നാണ് വിവരം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി ഇ.ഡിയും എൻഐഎയും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, ആളുകളെ തീവ്രവാദ സംഘടനയുടെ ഭാഗമാക്കൽ തുടങ്ങിയവയിലെല്ലാം പിഎഫ്ഐ പ്രവർത്തകർ ഭാഗമായിരുന്നു. മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുക എന്ന ലക്ഷ്യത്തിൽ അക്രമത്തിനും ഭീകരവാദ പ്രവർത്തിനും ഇവർ ശ്രമിച്ചു. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചു.

അറസ്റ്റിലായ യാസർ ഹസനും മറ്റു ചിലരും തീവ്രവാദ പ്രവർത്തനത്തിന് യുവാക്കളെ സജ്ജരാക്കാൻ ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചെന്നും എൻഐഎ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.