പോപ്പുലര്‍ ഫ്രണ്ടിനു സര്‍ക്കാര്‍ ഒത്താശ; കേരളം കത്തുമ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടുകയായിരുന്നുവെന്ന് വി മുരളീധരൻ

1 min read

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിന് സംസ്ഥാന സർക്കാരും പോലീസും ഒത്താശ ചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്നലെ അക്രമം നടക്കുമ്പോൾ നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കും വിധം മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും കൊച്ചിയിൽ ചെണ്ട കൊട്ടുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി.ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.ഹർത്താലിനിടെ സൈബർ സുരക്ഷ ഉയർത്തി കേരളപോലീസ് സംഘടിപ്പിച്ച കൊക്കൂൺ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതു ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിയുടെ ഈ വിമർശനം.

ഈ അക്രമങ്ങളൊക്കെ നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.ഇവിടെ കേരളം മുഴുവൻ കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി കൊച്ചിയിൽ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു.അക്രമങ്ങൾ തടയാതെ പോലീസ് മേധാവിയും കൊക്കൂൺ സമ്മേളനം ആസ്വദിച്ചു. അക്രമികളെ എവിടെയെങ്കിലും പോലീസ് നേരിട്ടതായി കണ്ടിട്ടില്ല.പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ നടത്തിയാൽ പോലീസ് ഈ സമീപനം സ്വീകരിക്കുമോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.

വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് സംസ്ഥാന സർക്കാരാണ്. രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്ന രാഹുൽ ഗാന്ധി ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്‌നറിൽ ഉറങ്ങുകയായിരുന്നു. സിപിഐഎമ്മും കോൺഗ്രസും ഇസ്ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.അക്രമത്തിനെതിരെ ബിജെപി രംഗത്തുവരും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.

Related posts:

Leave a Reply

Your email address will not be published.