ഡല്‍ഹിയില്‍ നിര്‍ണായക യോഗം; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കും

1 min read

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കും. സംഘടനയുടെ രാജ്യത്തെ പ്രധാന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തതും കസ്റ്റഡിയിലെടുത്തതും ഇതിന്റെ ഭാഗമാണെന്ന് സൂചന. നൂറിലധികം നേതാക്കളെയാണ് എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ അറസ്റ്റിലായവരെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. എന്‍ഐഎ രഹസ്യമായിട്ടാണ് റെയ്ഡ് ആരംഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് തുടങ്ങിയ റെയ്ഡ് പകല്‍ 11ഓടെ അവസാനിച്ചു.

തൊട്ടുപിന്നലെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്‍ഐഎ ഡയറക്ടറും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സംഘടന തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വെയും ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പകല്‍ 11 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 25 മുതിര്‍ന്ന നേതാക്കളെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ പലരെയും കൊച്ചിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം ചിലരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ നേതാക്കളായ ഇ അബൂബക്കര്‍, പ്രൊഫസര്‍ പി കോയ, നാസറുദ്ദീന്‍ എളമരം, സംസ്ഥാന അധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീര്‍ തുടങ്ങിയ പ്രമുഖരായ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഡിയും എന്‍ഐഎയും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. കേന്ദ്ര സേനയുടെ അകമ്പടിയോടെയായിരുന്നു റെയ്ഡ്. പലയിടത്തും റെയ്ഡ് നടക്കുകയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്ത ശേഷമാണ് ലോക്കല്‍ പോലീസ് എത്തിയത്.

പത്തിലധികം സംസ്ഥാനങ്ങളിലാണ് ഒരേ സമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. എന്‍ഐഎ ആദ്യമായിട്ടാണ് ഇത്രയും വലിയൊരു നീക്കം രാജ്യത്ത് നടത്തുന്നത്. കേരളത്തിലാണ് കൂടുതല്‍ നേതാക്കള്‍ അറസ്റ്റിലായത്. കര്‍ണാടകയില്‍ 20 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി. ഹൈദരാബാദിലെ സംഘടനയുടെ ഓഫീസ് സീല്‍ ചെയ്തു. അസമില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം തുടരുകയാണ്. മഹാരാഷ്ട്രയിലും നിരവധി നേതാക്കളെ പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആറിടത്താണ് റെയ്ഡ് നടന്നത്. ഡല്‍ഹിയിലും സംഘടനാ നേതാക്കളെ കസ്റ്റഡിയിലെടുത്തു. എല്ലാവരെയും ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് വിവരം.

Related posts:

Leave a Reply

Your email address will not be published.